പാർവതിയെ കുറിച്ച് സഹോദരനടക്കം മോശം സന്ദേശം അയച്ച് യുവാവിന്റെ ലീലകൾ; ഐഎഫ്എഫ്‌കെ വേദിക്ക് അരികിൽ നിന്നും പൊക്കിയെടുത്ത് പോലീസ്

തിരുവനന്തപുരം: നടി പാർവ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് പതിവാക്കിയ യുവാവ് ഐഎഫ്എഫ്‌കെ വേദിക്ക് സമീപത്ത് നിന്നും പിടിയിൽ. പാലക്കാട് സ്വദേശി കിഷോർ ആണ് പാർവതിയെ അപകീർത്തിപ്പെടുത്തിയതിനും താരത്തിന്റെ ബന്ധുക്കൾക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികിൽ നിന്നാണ് ഇയാളെ കോഴിക്കോട് നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ അഷ്‌റഫും സംഘവും പിടികൂടിയത്. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പാർവ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടിയുടെ പിതാവിനും സഹോദരനും ഇയാൾ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാൾ എത്തിയിരുന്നു.

ഇയാൾക്കെതിരെ വേറെയും കേസുകൾ ഉണ്ടെന്ന് കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്‌റഫ് പറഞ്ഞു. തഹസിൽദാറാണെന്ന് പറഞ്ഞ് മണല് കടത്താൻ ശ്രമിച്ചതിന് തൃശ്ശൂരും, മജിസ്‌ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്‌റഫ് വ്യക്തമാക്കി.

പാർവ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങൾ അയച്ചത്. പാർവ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്റെ കയ്യിൽ അകപ്പെട്ട് പ്രശ്‌നത്തിലാണെന്നും ഇയാൾ നടിയുടെ കാമുകനാണെന്നും പറഞ്ഞിരുന്നു. ഇയാളുടെ ശല്യം സഹിക്കാതെ വന്നതോടെ പാർവ്വതിയുടെ വീട്ടുകാർ മറുപടി നൽകുന്നത് നിർത്തുകയായിരുന്നു. ഇവർ പ്രതികരിക്കാതെയായതോടെയാണ് ഇയാൾ കോഴിക്കോടുള്ള നടിയുടെ വീട്ടിലേക്കും എത്തിയത്.

Exit mobile version