മനോരോഗമെന്ന് പറഞ്ഞ് പ്രകോപനം; ഷെയ്ൻ നിഗവുമായുള്ള എല്ലാ ചർച്ചകളിൽ നിന്നും പിന്മാറി അമ്മയും ഫെഫ്കയും; സിനിമയേക്കാൾ വലിയ ട്വിസ്റ്റ്

തിരുവനന്തപുരം: നടൻ ഷെയിൻ നിഗവുമായുള്ള എല്ലാവിധത്തിലുള്ള ചർച്ചകളിൽ നിന്നും സംഘടനകളായ അമ്മയും ഫെഫ്കയും പിന്മാറി. ഇതോടെ താരത്തിന്റെ വിവാദത്തിൽ വൻ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചർച്ചകൾ നിർത്തിവെച്ചതായി അറിയിക്കുകയായിരുന്നു. ഷെയിൻ തിരുവനന്തപുരത്ത് നടത്തിയ നിർമ്മാതാക്കൾക്ക് മനോരോഗമാണെന്ന പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ്് പുതിയ തീരുമാനം. സർക്കാർ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാൻ ഷെയിൻ ശ്രമിച്ചെന്നും സംഘടനകൾ ആരോപിക്കുന്നു. തർക്കത്തിലുള്ള ചിത്രത്തിൽ ഡബ്ബിങിന് താരം വഴങ്ങുന്നില്ലെങ്കിൽ പകരം മറ്റൊരാളെ കണ്ടെത്തുമെന്നും നിർമ്മാതാക്കൾ പറഞ്ഞു. സിനിമ മുടങ്ങിയതിന് നഷ്ടപരിഹാരം താരത്തിൽ നിന്നും ഈടാക്കാൻ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, നിർമ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തിൽ നടക്കുന്ന ചർച്ച ഏകപക്ഷീയമാണെന്നാണ് നടൻ ഷെയ്ൻ നിഗം തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേൾക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിർമ്മാതാക്കൾക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോൾ നിർമ്മാതാക്കൾക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിനിന്റെ പ്രതികരണം. ഇതാണ് ഫെഫ്കയേയും അമ്മയേയും ചൊടിപ്പിച്ചത്.

അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിൻ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയിൽ തന്റെ ചിത്രങ്ങളായ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയുടെ പ്രദർശനം കാണാനെത്തിയതായിരുന്നു ഷെയിൻ നിഗം.

Exit mobile version