ഷെയ്ൻ അടക്കം ആരും സ്വബോധത്തിലല്ല; താരങ്ങൾ ലഹരി വസ്തുക്കൾ എത്തിക്കുന്നു; എല്ലാ സെറ്റിലും പരിശോധന വേണം; ആരോപണവുമായി നിർമ്മാതാക്കൾ

പുതുതലമുറ താരങ്ങൾ ഷൂട്ടിങ് സെറ്റിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി നിർമ്മാതാക്കളുടെ സംഘടന. നടൻ ഷെയ്ൻ നിഗത്തിനെ വിലക്കിയ യോഗത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആരോപണങ്ങൾ ഉന്നയിച്ചത്. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പോലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ലെന്നും അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപകമായിട്ടുണ്ടെന്നും നിർമ്മാതാക്കൾ ആരോപിച്ചു. എല്ലാ സിനിമാ സെറ്റുകളിലും ലഹരിവസ്തുക്കൾ എത്തുന്നുണ്ട്. എല്ലാ സെറ്റുകളിലും പരിശോധന നടത്തട്ടെ. അമ്മ സംഘടനയിൽ പല യുവതാരങ്ങളും ചേരാൻ തയ്യാറല്ല. കാരണം അമ്മയ്ക്ക് കൃത്യമായ നിലപാടുകളുണ്ട്. അമ്മയുമായി സഹകരിക്കാത്ത, അംഗങ്ങളല്ലാത്ത ആളുകൾക്കെതിരെ ആർക്ക് പരാതി നൽകും?

എല്ലാ കാരവാനുകളും വിശദമായി പരിശോധിക്കണം. ഇപ്പോൾ പേരെടുത്ത് ആരോപണമുന്നയിക്കാനില്ല. കൃത്യമായ അന്വേഷണം നടക്കട്ടെ. 84% നഷ്ടത്തിലോടുന്ന വ്യവസായമാണിത്. ഷെയ്ൻ മാത്രമല്ല, പലരും സ്വബോധത്തിലല്ല കാര്യങ്ങൾ ചെയ്യുന്നത്. പല താരങ്ങളും സഹകരിക്കുന്നില്ല. ഇത്തരം പെരുമാറ്റം സ്വബോധത്തോടെ ആരും ചെയ്യില്ലല്ലോ. ഉല്ലാസം എന്ന ചിത്രത്തിന് ഇതിന് മുമ്പും പല തവണ പ്രശ്‌നമുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഷെയ്ൻ 10 ലക്ഷം രൂപയേ വാങ്ങിച്ചിരുന്നുള്ളൂ. രണ്ട് വർഷത്തിനകം എന്റെ പ്രതിഫലം 25 രൂപയായേക്കും എന്ന് പറഞ്ഞാണ് അന്ന് 25 ലക്ഷം കരാർ ഒപ്പിടുന്നത്. എന്നാൽ ഇപ്പോൾ ഡബ്ബിംഗിന്റെ സമയത്ത് 20 ലക്ഷം കൂടി, അതായത് 45 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രൊഡ്യൂസർ ആരോപിച്ചു. എന്നാൽ മറ്റൊരു കരാർ കാണിച്ചാണ് നിർമ്മാതാവ് ആരോപണമുന്നയിക്കുന്നത് എന്നാണ് ഷെയ്ൻ ഇതിന് മറുപടിയായി പ്രതികരിച്ചത്.

Exit mobile version