24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ‘ജല്ലിക്കട്ട്’ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു

ആകെ 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്ളത്

24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. ജല്ലിക്കട്ടിനു പുറമെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ആകെ 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്ളത്. ഇതില്‍ ഒമ്പത് എണ്ണം നവാഗത സംവിധായകരുടേതാണ്.

ഇത്തവണ മത്സരവിഭാഗത്തിലേക്ക് പത്ത് വിദേശചിത്രങ്ങളാണ് ഉള്ളത്. ലബനന്‍ സംവിധായകന്‍ അഹമ്മദ് ഗോസൈനിന്റെ ‘ഓള്‍ ദിസ് വിക്ടറി’, ഫ്രഞ്ച് സംവിധായകന്‍ ബോറിസ് ലോജ് കീന്റെയുടെ ‘കമീല്‍’, സൗത്ത് ആഫ്രിക്കന്‍ സംവിധായകന്‍ ബ്രട്ട് മിഖായേലിന്റെ ‘ഫിയലാസ് ചൈല്‍ഡ്’, ചൈനീസ് സംവിധായകന്‍ യാങ്ങ് പിങ്ങ് ഡാവോയുടെ ‘മൈ ഡിയര്‍ ഫ്രണ്ട്’, സീസര്‍ ഡിയസിന്റെ ഫ്രഞ്ച് സിനിമ ‘അവര്‍ മദേഴ്‌സ്’, ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടണ്ണിന്റെ ‘പക്കറെറ്റെ’, റഷ്യന്‍ സംവിധായകന്‍ മിഖായേല്‍ ഇഡോവിന്റെ ‘ദി ഹ്യൂമറിസ്റ്റ്’, ഹൊസെ മറിയ കബ്രാലിന്റെ ‘ദി പ്രൊജക്ഷനിസ്റ്റ്’, ജപ്പാനീസ് സംവിധായകന്‍ ജോ ഒഡാഗിരി ‘ദേ സേ നത്തിങ്ങ് സ്റ്റേയിസ് ദി സേം’, ഓസ്ട്രിയന്‍ സംവിധായകന്‍ ഹിലാല്‍ ബെയ്ദറോവിന്റെ ‘വെന്‍ ദി പെര്‍സിമണ്‍സ് ഗ്രോ’ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള വിദേശചിത്രങ്ങള്‍.

സിബി മലയില്‍ ചെയര്‍മാനും സിഎസ് വെങ്കിടേശ്വരന്‍, ജോര്‍ജ് കിത്തു, ഭവാനി ചിരത്ത്, ടി കൃഷ്ണനുണ്ണി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്ത്. ഡിസംബര്‍ ആറ് മുതല്‍ 13വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള.

Exit mobile version