‘ജോക്കര്‍’: തിരസ്‌കൃതന്റെ ഉന്മാദഹാസങ്ങള്‍

മൂവി റിവ്യൂ /  രഥീഷ്‌കുമാര്‍ കെ മാണിക്യമംഗലം

‘വേദന, വേദന, ലഹരി പിടിക്കും വേദന- ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടേ.’-ചങ്ങമ്പുഴ

തനിക്ക് പ്രിയപ്പെട്ട ‘ജോക്കര്‍ മാസ്‌കി’നു പിന്നില്‍ അന്തര്‍മുഖനായിരുന്നു സദാ അയാള്‍. മാനസികവും സാമ്പത്തികവുമായ തന്റെ പരിമിതികളെക്കുറിച്ച് ഉണ്ടായിരുന്ന ബോധ്യങ്ങള്‍ കൊണ്ട് തന്നിലേക്ക് തന്നെ ചുരുങ്ങുമ്പോഴും അയാള്‍ തുച്ഛമായ സാധ്യതകളിലേക്ക് ഉറ്റുനോക്കിയിരുന്നു. അതിന് വേണ്ടി കൗണ്‍സിലറെ മുടങ്ങാതെ സന്ദര്‍ശിച്ചിരുന്നു. ഫലിതങ്ങള്‍ എന്ന് സ്വയം കണ്ടെത്തിയവയെ എന്നെങ്കിലും ഒരിക്കല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അടുക്കും ചിട്ടയുമില്ലാതെ എഴുതി സൂക്ഷിച്ചിരുന്നു.

ഭൂമിയിലേക്ക് തന്നെ പിടിച്ചുനിര്‍ത്തുന്ന ഒരേ ഒരു കണ്ണിയായ അമ്മ അയാളുടെ ജന്മനിയോഗത്തെക്കുറിച്ച് പറഞ്ഞത് വേദവാക്യം പോലെ ഉരുവിട്ടിരുന്നു. വൃദ്ധമാതാവിന് ഭക്ഷണമുണ്ടാക്കുന്നതിലും അവരെ കുളിപ്പിക്കുനതിലും അവരോടൊത്ത് നൃത്തം ചെയ്യുന്നതിലും അയാള്‍ സ്വച്ഛവും നിര്‍മ്മലവുമായ ആനന്ദം കണ്ടെത്തിയിരുന്നു. ആഴ്ന്നിറങ്ങുന്ന അസമത്വം സമൂഹത്തിന്റെ സംഘര്‍ഷങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുമ്പോഴും സ്വയം അതിന്റെ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവരുമ്പോഴും അയാള്‍ അവയില്‍ നിന്നെല്ലാം അകലം പാലിക്കുകയും തന്റെ ആത്മസംഘര്‍ഷങ്ങളിലേയ്ക്ക് കൂടുതല്‍ ചുരുണ്ടുകൂടുകയുമായിരുന്നു. എല്ലാം പക്ഷെ സാവധാനം തകിടം മറിയുകയായിരുന്നു.

മുറുക്കിപ്പിടിച്ചതോരോന്നായി കൈവിട്ടുപോകാന്‍ തുടങ്ങുന്നു. പിടിച്ചുനില്‍ക്കാന്‍, തിരിച്ചുവരാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും പരിഹാസ്യമോ ദുരന്തമോ ആയി പര്യവസാനിക്കുന്നു. അങ്ങേയറ്റം അസ്വസ്ഥമായ ഒരു സന്ദര്‍ഭത്തില്‍, നൈമിഷികമായ ചോദനയാല്‍ തനിക്ക് ഉപയോഗിക്കേണ്ടിവരുന്ന തോക്ക് അയാളെ കീഴ്‌മേല്‍ മറിക്കുന്നു. പതിയെ അയാള്‍ ആത്മവിശ്വാസമുള്ള മറ്റൊരാളെ തന്നില്‍ കണ്ടെത്തുന്നു. ചിലപ്പോഴൊക്കെ അത് അയാളെ ഉന്മാദിയുമാക്കുന്നു. പക്ഷെ വലിയ വഴിത്തിരിവുകള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

തന്റെ കേവലമായ അസ്തിത്വം പോലും അനിശ്ചിതമാകുമ്പോള്‍ അയാള്‍ പൂര്‍ണമായും മറ്റൊന്നായി മാറുന്നു. ഒന്നിനുപുറകെ ഒന്നെന്ന വണ്ണം ഹത്യകള്‍ ചെയ്യാന്‍ മടിയേതുമില്ലാത്ത തികഞ്ഞ ഉന്മാദിയായി അയാള്‍ പരിണമിക്കുന്നു. തരിമ്പുപോലും പശ്ചാത്താപം തന്റെ ചുറ്റുപാടുകള്‍ അര്‍ഹിക്കുന്നില്ലെന്ന് സ്വാനുഭവങ്ങളെ മുന്‍ നിര്‍ത്തി നിശ്ചയിച്ചുറപ്പിക്കുന്നു. ദുര്‍ബ്ബലമെന്ന് കരുതിപ്പോന്ന അയാളുടെ ശരീരം പോലും ആയുധം പോലെ മൂര്‍ച്ചയുള്ളതാകുന്നു.

ഒടുവില്‍ തന്റെ ജന്മനിയോഗത്തിന് കരുതിവെച്ച സന്ദര്‍ഭം ഒരു ചാറ്റ് ഷോയിലേക്കുള്ള ക്ഷണത്തിലൂടെ കരഗതമാകുമ്പോള്‍, ആ സന്ദര്‍ഭം മറ്റൊരു നിയോഗത്തിനായി അയാള്‍ നിശ്ചയിക്കുന്നു. പതിവില്ലാത്ത വിധം അതിനായി തയ്യാറെടുക്കുന്നു. മുമ്പെങ്ങോ എഴുതിവെച്ചതുപോലെ, സ്വന്തം മരണം ഏറ്റവും വലിയ ഫലിതമാക്കാന്‍ തീര്‍ച്ചയാക്കിയ അയാള്‍ പക്ഷെ ആ രംഗത്ത് ഇംപ്രൊവൈസ് ചെയ്ത് ചാറ്റ് ഷോ അവതാരകന് നേരെ നിറയൊഴിച്ച്, തന്റെ പരിമിതികളെ പരിഹസിച്ച ലോകത്തിന്റെ ഹൃദയം പിളര്‍ത്തി മറ്റൊരു നിയോഗത്തിന് തിരികൊളുത്തുന്നു.

നേരത്തെ അയാളുടെ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്ന് പുറപ്പെട്ട വെടിയുണ്ട അപ്പോഴേക്കും സാമൂഹ്യസംഘര്‍ഷത്തെ മൂര്‍ച്ഛിപ്പിക്കുകയും അയാളുടെ ജോക്കര്‍ മുഖം പ്രതിഷേധികളുടെ മുഖമായി മാറുകയും ചെയ്തിരുന്നു. അയാളെ ജയിലില്‍ അടയ്ക്കാനുള്ള അധികാരികളുടെ ശ്രമം അക്രമികള്‍ തകര്‍ക്കുകയും, ഒരു മൃദുപുഷ്പത്തെയെന്നതുപോലെ അയാളുടെ കൃശശരീരത്തെ പോലീസ് വാഹനത്തിനുമുകളില്‍ കിടത്തുകയും ചെയ്യുന്നു. മോഹാലസ്യം വിട്ട് ഉണരുന്ന അയാള്‍ കാണുന്നത് തനിക്ക് ചുറ്റും ആര്‍ത്തിരമ്പുന്ന ജോക്കര്‍ മുഖങ്ങളെയാണ്.

ഒരിക്കല്‍ തന്നെ അടിച്ചുവീഴ്ത്തിയ, ആ വ്യവസ്ഥിതിയുടെ ഇരകള്‍ക്ക്, മുഖം നഷ്ടപ്പെട്ട ജനതയ്ക്ക് പിന്നീട് ഒരു മുഖം കിട്ടിയത് തന്നിലൂടെയാണെന്ന് തിരിച്ചറിഞ്ഞ അയാള്‍, അധികാരബിംബമായ പോലീസ് വാഹനത്തിന്റെ മുകളില്‍ നിയോഗനിര്‍വൃതിയാല്‍ നൃത്തം ചെയ്യുന്നു. അയാളെ കീഴടക്കിയെന്ന് കരുതിയ വ്യവസ്ഥിതിയുടെ കനത്ത ചുമരുകള്‍ക്കുള്ളില്‍ പോലും രക്തക്കറ പുരണ്ട കാല്‍പാദങ്ങളുമായി തന്റെ നിയോഗം തുടരുന്നു.

മറ്റ് വിശദാംശങ്ങള്‍ വിട്ടുകളഞ്ഞാല്‍ ഇങ്ങനെ സംഗ്രഹിക്കാം ആര്‍തര്‍ ഫ്‌ലെക്ക് എന്ന ഏകാകിയുടെ യാത്രകളെ. അസ്വസ്ഥമാക്കുന്ന വല്ലാത്ത ഒരു ദൃശ്യാനുഭവമാണ് ടോഡ് ഫിലിപ്സ് (Todd Phillips) ആവിഷ്‌കരിച്ച ‘ജോക്കര്‍’. ഇരുണ്ടതും മുഷിഞ്ഞതുമായ നിറങ്ങളും, ചിലപ്പോള്‍ ചടുലവും മറ്റു ചിലപ്പോള്‍ പതിഞ്ഞതുമായ ദൃശ്യങ്ങളും കൊണ്ട് സിനിമ നമ്മുടെ കണ്ണുകളെ സ്‌ക്രീനിലേക്ക് കോര്‍ത്തു പിടിക്കുന്നു. മാനസിക അസ്വാസ്ഥ്യം കൊണ്ട് അനവസരങ്ങളില്‍ പൊട്ടിവിടരുന്ന, ചിലപ്പോള്‍ അനിയന്ത്രിതമായി തുറന്നുപോകുന്ന, കരച്ചിലിന്റെ വക്കോളമെത്തുന്ന അയാളുടെ ചിരി എന്ന ബിംബകല്പന ഒന്നുമാത്രം മതി ഈ സിനിമ നമ്മുടെ കരള്‍ പിളര്‍ക്കാന്‍. അനിതരസാധാരണമാം വണ്ണം ഈ കഥാപാത്രത്തെ തന്റെ ശരീരത്തിലേക്കും ഹൃദയത്തിലേക്കും ആവാഹിച്ച ജോക്വിന്‍ ഫീനിക്‌സ് (Joaquin Phoenix) എന്ന നടന്‍ ഒരു പക്ഷെ തന്റെ നടനനിയോഗം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നു തോന്നും.

മുതലാളിത്തത്തിന്റെ ലാഭക്കൊതി ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതും, തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ജനങ്ങള്‍ അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങളായിമാറുന്നതും, അവര്‍ ആയുധമേന്തുന്നതോടെ ആ രാജ്യം സമ്പൂര്‍ണ്ണ അരാജകസമൂഹമായി മാറുന്നതും ചരിത്രത്തില്‍ നമുക്ക് പുതുമയല്ല. ആര് ആദ്യ കാഞ്ചി വലിക്കും എന്നത് മാത്രമാണ് ചോദ്യം. മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന അസമത്വം ദിനംപ്രതി മൂര്‍ച്ഛിക്കപ്പെടുന്ന ഏത് സമൂഹത്തിലും ഈ സിനിമ ഒരു മുന്നറിയിപ്പ് കൂടിയാണ്.

അന്നത്തെ ഗോഥം നഗരം, മുതലാളിത്തം കശക്കിയെറിഞ്ഞ ഇന്നത്തെ ഏത് മൂന്നാം ലോക രാജ്യവുമാവാം. നാളത്തെ ഇന്ത്യയുമാവാം. ജനക്ഷേമങ്ങളില്‍ നിന്ന് മുഖം തിരിക്കുന്ന ഭരണകൂടവും, വര്‍ധിച്ചുവരുന്ന തൊഴില്‍ നഷ്ടങ്ങളും, ആസൂത്രിതമായ അന്യവല്‍ക്കരണവും ഇത്തരം സാഹചര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആ അര്‍ഥത്തില്‍ ‘ജോക്കര്‍’ ഒരു രാഷ്ട്രീയ സിനിമ കൂടിയാണ്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന രീതിയില്‍ ‘ടാക്‌സി ഡ്രൈവറോ’ടും (Taxi Driver, 1976), മറ്റ് സാമ്യതകള്‍ കൊണ്ട് ‘വി ഫോര്‍ വെന്റെറ്റ’-യോടും (V for Vendetta, 2005) തോന്നാവുന്ന സാമ്യതകൾ പക്ഷെ ‘ജോക്കറി’ന്റെ കലാപരമോ സാമൂഹ്യമോ ആയ മൂല്യത്തെ ഒരു തരി പോലും കുറയ്ക്കുന്നില്ല. ഒരേ ഒരു കാര്യം, ‘ബാറ്റ്മാൻ’ സിനിമ കാണാൻ പോകുന്ന ലാഘവത്വത്തോടെ ഇതിനെ സമീപിക്കരുത് എന്നതുമാത്രമാണ്. അന്തിമവിശകലനത്തില്‍, വ്യക്തിയുടെ ആത്മസംഘർഷങ്ങളും സമൂഹത്തിന്റെ ആന്തരികസംഘർഷങ്ങളും പരസ്പരപൂരകങ്ങളാണ് എന്ന സാമൂഹ്യപാഠം ‘ജോക്കർ’ മുഖംമൂടിയില്ലാതെ പറഞ്ഞുവെക്കുന്നുണ്ട്, അങ്ങേയറ്റം അസ്വസ്‌ഥതയോടെ തന്നെ.

“When injustice is done there should be a revolt in the city. And if there is no revolt, it were better that the city should perish in fire before the night falls”
-Bertolt Brecht
.

Exit mobile version