‘ദൃശ്യം 2’ പോലീസ് അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം; ബംഗ്ലാദേശ് പോലീസ് സൂപ്രണ്ടിന്റെ വൈറല്‍ റിവ്യൂ

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചിത്രത്തിന് രാജ്യത്തിനു പുറത്ത് നിന്നും വരെ അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ബംഗ്ലാദേശിലെ പോലീസ് അഡിഷണല്‍ സൂപ്രണ്ടിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബംഗ്ലാദേശ് പോലീസിലെ അഡീഷണല്‍ സൂപ്രണ്ടായ മഷ്റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പോലീസ് അക്കാദമിയിലെ ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു.

‘പൊലീസ് അക്കാദമിയില്‍ ദൃശ്യം 2 നിര്‍ബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പോലീസുകാര്‍ ആകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം കുറിച്ചു.

അതിനിടെ, മലയാളത്തില്‍ വന്‍ വിജയമായ ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. തെലുങ്കില്‍ വെങ്കിടേഷ് ആണ് നായകന്‍. ഹിന്ദിയില്‍ അജയ് ദേവ്ഗണും തബുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്സ് മനസിലുണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടമായെന്നും ജീത്തു പറഞ്ഞിരുന്നു.

Exit mobile version