‘എന്റെ ജീവിതം തിരിച്ചു കിട്ടാന്‍ കാരണം ഈ അമ്മയാണ്’; വികാരാധീനയായി മംമ്ത മോഹന്‍ദാസിന്റെ കുറിപ്പ്

അര്‍ബുദം എന്ന മഹാരോഗത്തെ പുഞ്ചിരിയോടെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമായ രീതിയില്‍ ജീവിച്ച് കാണിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. താരം രോഗത്തെ നേരിട്ടതിന്റെ അനുഭവങ്ങള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണക്കാരിയായ അമ്മയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് താരം ആ അമ്മയെ തന്റെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്.

അമേരിക്കയില്‍ അര്‍ബുദ രോഗ ഗവേഷകനായ നീല്‍ ശങ്കറിന്റെ അമ്മയെ ആണ് താരം പരിചയപ്പെടുത്തിയത്. ഏഴ് വര്‍ഷം മുമ്പ് തന്റെ ചികിത്സയ്ക്കായി മകനെ കാണാന്‍ പറഞ്ഞത് ഈ അമ്മയാണെന്നും താന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം ആ അമ്മയുടെ സ്‌നേഹമാണെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഏഴ് വര്‍ഷം മുമ്പ് അമേരിക്കയില്‍ അര്‍ബുദ രോഗ ഗവേഷകനായ തന്റെ മകനെ കാണാന്‍ എന്നോട് മുമ്പ് നിര്‍ദ്ദേശിച്ചത് ആ അമ്മയാണ്. അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം അമ്മയുടെ സ്‌നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച് ഞാന്‍ പല ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം നീല്‍ ശങ്കര്‍ ഒരിക്കല്‍ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു. നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ നമുക്ക് പ്രകടിപ്പിക്കാന്‍ സാധിക്കില്ല. കാരണം, എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. അത്രയും അവസ്ഥയിലുള്ള പുഞ്ചിരിയും കരച്ചിലുമായിരുന്നു അത്. കടപ്പാടിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ നിറഞ്ഞ നിമിഷങ്ങള്‍. നന്ദി അമ്മേ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version