പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ടൈംടേബിള്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പരീക്ഷകളുടെ ടൈംടേബിള്‍ പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പാണ് കാലിക്കറ്റ് സര്‍വകലാശാല പുറത്ത്‌വിട്ടത്.
മേയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും എട്ടാം തീയതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം മെയ് 18ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പരീക്ഷകള്‍ മേയ് 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തുവിട്ടിരുന്നില്ല. 20-നാണ് സര്‍വകലാശാല പരീക്ഷയുടെ ടൈംടേബിള്‍ പുറത്തുവിട്ടത്. അപ്പോഴേക്കും പരീക്ഷയ്ക്ക് ആകെ അവശേഷിക്കുന്നത് ഒരാഴ്ച മാത്രവും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version