അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്യു ബുഷ് അന്തരിച്ചു

നഷ്ടമായത് ഏറ്റവും കൂടുതല്‍ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ലോകനേതാവ്

ജോര്‍ജ്ജ് എച്ച് ഡബ്യൂ ബുഷ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മകനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്യു ബുഷിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഔദ്യോഗിക വക്താവ് ജിം മഗ്രാത്താണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. രാഷ്ട്രത്തെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത വ്യക്തി എന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. റെനാളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1981 മുതല്‍ 1989 വരെ അമേരിക്കന്‍ വൈസ് പ്രസിഡന്റായും 1989-1993 വരെ അമേരിക്കന്‍ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ലോക ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ ബുഷിന്റെ ഭരണ കാലത്താണ് സംഭവിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്തെ ഹീറോയായിരുന്ന ബുഷ് സോവിയറ്റ് യൂണിയന്റെ പതനകാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്നു. ശീതയുദ്ധകാലവും അദ്ദേഹത്തിന്റെ ഭരണകാലത്താണ് കടന്നുപോയത്. അങ്ങനെ ഏറെ ലോക ചരിത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു.

70 വര്‍ഷത്തോളമായി ബുഷിന്റെ ഭാര്യയായിരുന്ന ബാര്‍ബറ ബുഷ് കഴിഞ്ഞ ഏപ്രിലില്‍ മരിച്ചിരുന്നു. അഞ്ചുമക്കളും, 17 പേരക്കുട്ടികളുമുണ്ട് ബുഷിന്.

Exit mobile version