ആര്‍മി പോലീസിലേക്ക് ആദ്യമായി വനിതകള്‍ക്കും അപേക്ഷിക്കാം; പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം

കരസേനയിലെ മികച്ച തസ്തികകളിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

തിരുവനന്തപുരം: ഇത്തവണത്തെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലെ ഒഴിവുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും അവസരം. കരസേനയിലെ മികച്ച തസ്തികകളിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. വുമണ്‍ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 100 ഒഴിവുകളാണ് ഉള്ളത്. ജൂണ്‍ എട്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

അവിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ അയച്ചതിന് ശേഷമോ 33 ആഴ്ചകള്‍ നീളുന്ന പരിശീലന കാലയളവിലോ വിവാഹം കഴിക്കാനുള്ള അനുവാദം ഇല്ല. മരിച്ച സൈനികരുടെ വിധവകള്‍ പുനര്‍ വിവാഹം നടത്തിയവര്‍ അല്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അംബാല, ലഖ്‌നൗ, ജബല്‍പൂര്‍, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളിലാണ് റിക്രൂട്ട്‌മെന്റ് റാലി. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസാവണം എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത. പതിനേഴര വയസ്സ് മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി. വിശദവിവരങ്ങള്‍ http://www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Exit mobile version