ഇദായ് ചുഴലിക്കാറ്റില്‍ തകര്‍ന്ന് മൊസാംബിക്ക്; മരണസംഖ്യ 1500 കവിഞ്ഞു

മാര്‍ച്ച് പതിനഞ്ചാം തീയതിയാണ് തെക്കന്‍ ആഫ്രിക്കയിലെ മൊസാംബിക്ക് തീരപ്രദേശത്തെ തകര്‍ത്ത് ഇദായ് ചുഴലിക്കാറ്റ് വീശിയത്

മൊസാംബിക്ക്: ഇദായ് ചുഴലിക്കാറ്റില്‍ തകര്‍ന്ന് തെക്കന്‍ ആഫ്രിക്ക. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. 26 ലക്ഷത്തിലധികം ആളുകളെയാണ് ഇദായ് ചുഴലിക്കാറ്റും പേമാരിയും ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മാര്‍ച്ച് പതിനഞ്ചാം തീയതിയാണ് തെക്കന്‍ ആഫ്രിക്കയിലെ മൊസാംബിക്ക് തീരപ്രദേശത്തെ തകര്‍ത്ത് ഇദായ് ചുഴലിക്കാറ്റ് വീശിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ സര്‍വ്വതും നഷ്ടപ്പെട്ട് കഴിയുന്നത് ലക്ഷങ്ങളാണ്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ദുരിതാശ്വാസ ക്യാംപുകളില്‍ പകര്‍ച്ചാ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

മൊസാംബിക്ക് ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായമെത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി പേരാണ് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നത്. ഇനിയും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് മൂന്നുമാസത്തെ ഭക്ഷണം ആവശ്യമുണ്ടെന്നാണ് യുഎന്‍ അറിയിച്ചിരിക്കുന്നത്. ഇദായ് ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുന്നത് മൊസാംബിക്കിലും സിംബാവ്വെയിലും മലായിലുമാണ്.

ഇദായ് ചുഴലിക്കാറ്റ് നാശം വിതച്ച മൊസാംബിക്കില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക സേനാ വ്യൂഹത്തിലെ കപ്പലുകളായ സുജാത, സാരഥി, ശാര്‍ദ്ദൂല്‍ തുടങ്ങിയവയാണ് അടിയന്തിര സഹായ സജ്ജീകരണങ്ങളുമായി മൊസാംബിക്കിലെ പോര്‍ട്ട് ബെയ്രയിലേക്ക് കുതിച്ചത്.

Exit mobile version