ഒറ്റക്കുട്ടി നയം നിലവിലിരിക്കെ ദമ്പതികള്‍ക്ക് 15 കുട്ടികള്‍ : റിപ്പോര്‍ട്ട് ചെയ്യാത്തതിന് ഉദ്യോഗസ്ഥര്‍ക്ക് പിഴയിട്ട് ചൈന

ബെയ്ജിങ് : ചൈനയില്‍ ഒറ്റക്കുട്ടി നയം നിലവിലിരിക്കെ പതിനഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ദമ്പതികളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാഞ്ഞതിന് ഉദ്യോഗസ്ഥര്‍ക്ക് പിഴ. ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലുള്ള പ്രാദേശിക കുടുംബാസൂത്രണ സ്‌റ്റേഷനിലെ 11 ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടത്.

എഴുപത്തിയേഴ്കാരനായ ലിയാങ് എറിനും നാല്പത്തിയഞ്ച്കാരിയായ ലു ഹോംഗ്ലനും 1995-2016 ലാണ് കുട്ടികള്‍ ജനിച്ചത്. ചൈനയില്‍ ഒറ്റക്കുട്ടി നയം നിലവിലുണ്ടായിരുന്ന സമയമായിരുന്നു ഇത്. ഈ സമയം ഇവരെ കണ്ടെത്തിയിരുന്നുവെങ്കില്‍ ശിക്ഷ നേരിടേണ്ടി വരുമായിരുന്നു. ഇതിന് ശേഷമാണ് രണ്ട് കുട്ടികളിലേക്കും നിലവിലുള്ള മൂന്ന് കുട്ടികളിലേക്കുമായി നയം മാറ്റിയത്.

ഇവരെ കുറിച്ച് അന്ന് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ഉത്തരവാദിത്തം നിറവേറ്റുന്നതിലെ വീഴ്ചയായി ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചത്. റോങ് കൗണ്ടിയിലെ ലികുൻ നഗരത്തിന്റെ തലവനും പ്രാദേശിക കുടുംബാസൂത്രണ സ്റ്റേഷന്റെ ഡയറക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പിഴയൊടുക്കണം.

നാല് ആണ്‍കുട്ടികളും പതിനൊന്ന് പെണ്‍കുട്ടികളുമാണ് ലിയാങിനും ലൂവിനും. ഇവര്‍ നിയമപരമായി വിവാഹിതരല്ലെങ്കിലും പരസ്പരസമ്മതത്തോടെ ഒന്നിച്ചാണ് താമസം. 1994ൽ ഗ്വാങ്‌ഡണിൽ ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾ കണ്ടുമുട്ടിയതും പ്രണയത്തിലായതും. തുടർന്ന് അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തിയെങ്കിലും നിയമപരമായി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. പൈൻ മരങ്ങളുടെ റെസിൻ ശേഖരിക്കുന്നതിലൂടെയുളള വരുമാനം കൊണ്ടും 2015 നും 2019 നും ഇടയിൽ സർക്കാർ നൽകിയ ദാരിദ്ര്യ സബ്‌സിഡികളിലൂടെയുമാണ് കുടുംബം അതിജീവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി 1980ലാണ് ചൈനയില്‍ ഒറ്റക്കുട്ടി നയം സ്ഥാപിക്കുന്നത്. ദശാബ്ദങ്ങൾ നീണ്ട നയം പിന്നീട് 2015-ൽ രണ്ട് കുട്ടികളുടെ നയമായി മാറ്റിയതിന് ശേഷം ഘട്ടം ഘട്ടമായി നിർത്തലാക്കപ്പെടുകയായിരിന്നു. ഒടുവിൽ കുട്ടികളുടെ പരിധിയും അതുമായി ബന്ധപ്പെട്ട എല്ലാ ശിക്ഷകളും 2021 ജൂലൈ 21-ന് എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചു.

Exit mobile version