കനത്ത മഞ്ഞുവീഴ്ച : ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

Marthon | Bignewslive

ബെയ്ജിങ് : ചൈനയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ പെട്ട് 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. അപ്രതീക്ഷിതമായ മഞ്ഞ് വീഴ്ചയിലും അതിശക്തമായ കാറ്റിലും അപകടം സംഭവിക്കുകയായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ച രാവിലെ അനുകൂലമായ കാലാവസ്ഥയിലാണ് മാരത്തണ്‍ ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മഞ്ഞ് വീഴ്ച ആരംഭിക്കുകയായിരുന്നു.നിര്‍ത്താതെയുള്ള മഞ്ഞ് മഴയും അതിശക്തമായ കാറ്റുമാണ് പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താപനില ക്രമാതീതമായി കുറഞ്ഞതോടെ ചില മത്സരാര്‍ഥികള്‍ സംഘാടകരെ വിവരമറിയിക്കുകയായിരുന്നു. പക്ഷേ ഈ സമയത്തിനോടകം മത്സരാര്‍ഥികളില്‍ പലരം അപകടത്തില്‍പ്പെട്ടിരുന്നു. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 172 പേരാണ് മാരത്തണില്‍ പങ്കെടുത്തത്. ഇതില്‍ 151 പേര്‍ രക്ഷപെട്ടു. വൈകിട്ടോടെ വീണ്ടും താപനില കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.

കാലാവസ്ഥയില്‍ നിരന്തരം വ്യതിയാനങ്ങള്‍ സംഭവിക്കുന്ന പ്രദേശമാണ് ഗാന്‍സു. വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും സ്ഥിരമായ ഇവിടെ തുടര്‍ച്ചയായി ഭൂചലനങ്ങളും ഉണ്ടാവാറുണ്ട്. മനോഹരമായ പര്‍വ്വത നിരകള്‍ കൊണ്ട് ചുറ്റപ്പെട്ട യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റ് ചൈനയിലെ സിനിമ, ടെലിവിഷന്‍ ഷോകളുടെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷന്‍ ആണ്.ഏകദേശം 4 ബില്ല്യണ്‍ പഴക്കമാണ് ഇവിടുത്തെ പാറക്കെട്ടുകള്‍ക്ക് കണക്കാക്കുന്നത്.

Exit mobile version