ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് കോവിഡ് വാക്സിന്‍; 66% ഫലപ്രാപ്തിയെന്ന് കമ്പനി

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച സിംഗിള്‍-ഡോസ് കോവിഡ് വാക്സിന് അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാല്‍ ആഗോളവ്യാപകമായി നടത്തിയ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്.

ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളില്‍ പരീക്ഷിച്ചപ്പോഴാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഫലപ്രാപ്തി ഈ അളവില്‍ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ഈ വാക്‌സീന്റെ ഗുണം, ഇത് സിംഗിള്‍ ഡോസാണെന്നതാണ്.

മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചത്. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങള്‍ ബാധിച്ചവരുള്‍പ്പെടെയുള്ളവരില്‍ വാക്സിന്‍ 66% ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയില്‍ വാക്സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.

അമേരിക്കയില്‍ നിലവില്‍ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസര്‍, മൊഡേണ കോവിഡ് വാക്സിനുകളേക്കാള്‍ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നല്‍കിയാല്‍ മതി എന്നതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്സിനെ വ്യത്യസ്തമാക്കുന്നത്. ഈ വാക്സിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അമേരിക്കയില്‍ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി ഇത് മാറും.

Exit mobile version