ഓൺലൈൻ ഗെയിം പബ്ജി നിരോധിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: ഏറെ ആരാധകരുള്ള ഓൺലൈൻ ഗെയിമായ പബ്ജി (പ്ലേയേഴ്‌സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട്) നിരോധിച്ച് പാകിസ്താൻ. താത്കാലികമായാണ് നിരോധനം. പബ്ജി അഡിക്ഷൻ മാനസിക, ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പബ്ജി ഗെയിമിനുള്ള ഇന്റർനെറ്റ് ആക്‌സസ് ആണ് റദ്ദാക്കിയിരിക്കുന്നത്.

നേരത്തെ മുതൽ തന്നെ ഗെയിമിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. പബ്ജിയിലെ മിഷൻ പൂർത്തിയാക്കാൻ സാധിക്കാത്തിന്റെ പേരിൽ കഴിഞ്ഞ മാസം ലാഹോറിൽ 16 കാരൻ ജീവനൊടുക്കിയിരുന്നു.

ഈ സംഭവം വലിയ വിവാദമാവുകയും, പബ്ജി നിരോധിക്കണമെന്ന് ലാഹോർ പോലീസ് ശുപാർശ ചെയ്തിരുന്നുവെന്നും പാക് ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു.

പബ്ജിയെക്കുറിച്ചുള്ള പരാതികൾ കേട്ട ലാഹോർ ഹൈക്കോടതി പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാൻ ആവശ്യപ്പെട്ടു. കേസ് ഈ മാസം ഒൻപതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.

Exit mobile version