ലോകം കൊവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിൽ; നിയന്ത്രണം ഇനിയും വേണം: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ മഹാമാരി പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി. ലോകത്ത് മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

‘വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികൾ ഇനിയും ആവശ്യമാണ്. പലർക്കും വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങൾ അവരുടെ സമൂഹത്തെ തുറന്ന് വിടാൻ ആഗ്രഹിക്കുന്നു’-എന്നും അദ്ദേഹം പറഞ്ഞു.വവൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, കൈ കഴുകൽ തുടങ്ങിയ നടപടികൾ ഇപ്പോഴും നിർണായകമാണെന്നും ടെഡ്രോസ് പറയുന്നു.

ചൈനയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.

Exit mobile version