സുരക്ഷ മുഖ്യം; ബിഎസ്എൻഎല്ലിനോട് ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: ടെലികോമിലെ നവീകരണപ്രവർത്തനങ്ങൾക്ക് ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് കർശ്ശന നിർദേശം ടെലികോം വകുപ്പ്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ, എംടിഎൻഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം. സുരക്ഷാകാരണങ്ങളാൽ ചൈനയിൽ നിന്നുള്ള ഉപകരണങ്ങൾ ഒഴിവാക്കാൻ ടെലികോം വകുപ്പ് നിർദേശം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ ചൈനയുമായുള്ള കരാറുകൾ പുനഃപരിശോധിക്കുമെന്നും സൂചനയുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം സ്വകാര്യ കമ്പനികളോടും ചൈനീസ് നിർമ്മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് നിർദേശം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും പൊതുമേഖലാസ്ഥാപനമായ ബിഎസ്എൻഎലും നിലവിൽ ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ വാവെയും സെഡ്ടിഇയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനികളുമായുള്ള സഹകരണം പൂർണമായും നിർത്തലാക്കി ഇന്ത്യൻ നിർമിത ഉപകരണങ്ങൾ ഉപയോഗിക്കാനുമാണ് സർക്കാർ നിർദേശം.

ചൈന സൈബർ വിവരങ്ങൾ ചോർത്തുന്നതായി 2012 ൽ തന്നെ യുഎസ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ചൈനീസ് ടെലികോം കമ്പനികളുമായുള്ള സഹകരണം ഉപേക്ഷിക്കുന്നതായി യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎസ് ആരോപണങ്ങളെ ചൈന നിഷേധിക്കുകയും ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം ബിഎസ്എൻഎൽ നെറ്റ് വർക്ക് ചൈനീസ് കമ്പനിയായ വാവെ ഹാക്ക് ചെയ്തതായി വിവരം പുറത്തു വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. 4 ജി നെറ്റ് വർക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളിൽ പുനഃപരിശോധന നടത്തണമെന്ന് സർക്കാർ അനുബന്ധ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സുരക്ഷിതത്വത്തെ കുറിച്ച് സംശയം നിലനിൽക്കുന്നതാണ് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കാനുള്ള സർക്കാർ നിർദേശത്തിന് പിന്നിൽ.

Exit mobile version