അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ; കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍

ആക്രമണവിവരം ഇറാന്‍ മുന്‍കൂട്ടി ഇറാഖിനെ അറിയിച്ചതായും ഇറാഖ് വിവരം അമേരിക്കയ്ക്ക് കൈമാറിയതായും അമേരിക്ക തന്നെ വെളിപ്പെടുത്തിയിരിന്നു

ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ കൂടുതല്‍ പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കുമായിരുന്നെന്നും കമാന്‍ഡര്‍ അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാഖില്‍ തമ്പടിച്ച അമേരിക്കയെ തുരത്തുകമാത്രമാണ് ലക്ഷ്യമെന്നും സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി. ആക്രമണവിവരം ഇറാന്‍ മുന്‍കൂട്ടി ഇറാഖിനെ അറിയിച്ചതായും ഇറാഖ് വിവരം അമേരിക്കയ്ക്ക് കൈമാറിയതായും അമേരിക്ക തന്നെ വെളിപ്പെടുത്തിയിരിന്നു. മറ്റ് ചില നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം ഇറാന്‍ ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള ആയുധങ്ങളല്ല എന്നതാണ് അതിലേറ്റവും പ്രസക്തം. മാത്രമല്ല, സൈനികാസ്ഥാനത്തിലെ ആക്രമണശേഷം ഇനി ആക്രമണങ്ങളുണ്ടാകില്ല, അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന ആവശ്യങ്ങള്‍ ഇറാന്‍ മധ്യസ്ഥര്‍ വഴി അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് തിരിച്ചടിക്കേണ്ട എന്ന് അമേരിക്ക തീരുമാനിച്ചതെന്നാണ് പുറത്തുവന്ന വിവരം. ഈ സാഹചര്യത്തിലാണ് ഇറാന്‍ കമാന്‍ഡറിന്റെ ഉദ്ധരിച്ചുകൊണ്ടുള്ള സ്റ്റേറ്റ് ടെലിവിഷന്റെ റിപ്പോര്‍ട്ട്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ സൈനിക അധികാരം വെട്ടിക്കുറക്കാനുള്ള പ്രമേയം ജനപ്രതിനിധിസഭ പാസാക്കി. ഇറാനെതിരെയുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ അനുവാദം വേണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു. ആക്രമണത്തിന്റെ സാഹചര്യത്തില്‍ മാത്രമേ പ്രസിഡന്റിന് അത് മറികടക്കാനാകൂ. ജനപ്രതിനിധി സഭയില്‍ പാസായ പ്രമേയം സെനറ്റിലും വോട്ടിനിടും. രണ്ട് റിപബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണക്കുന്ന സാഹചര്യത്തില്‍ സെനറ്റിലും വിജയസാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

Exit mobile version