ആ സൗഹൃദം വളര്‍ന്നത് അവര്‍ പോലും അറിഞ്ഞില്ല; വേര്‍ പിരിയാന്‍ ആവാത്ത വിധം കടുവയും ആടും അടുത്തു, ഒടുവില്‍ സംഭവിച്ചത്

മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിയിലും സൗഹൃദം വളരാറുണ്ട്. അതും വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ടവര്‍ക്കിടയിലും. അത്തരം കൂട്ട്‌ക്കെട്ടിന് ഉത്തമ ഉദാഹരമാണ് ഈ ചിത്രം. ഒരു കടുവയും ആടുമാണ് ഈ കഥയിലെ നായകന്മാര്‍. എന്നാല്‍ കഥയിലെ നായകരില്‍ ഒരാള്‍ ഇപ്പോള്‍ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. റഷ്യയിലെ ഒരു സഫാരി പാര്‍ക്കില്‍ വെച്ചാണ് ആ സൗഹൃദത്തിന്റെ തുടക്കവും ഒടുക്കവുമെല്ലാം.

തൈമുര്‍ എന്ന ആടും അമുര്‍ എന്ന സൈബീരിയന്‍ കടുവയുമാണ് കഥയിലെ കഥാപാത്രങ്ങള്‍. 2015ല്‍ കടുവയ്ക്ക് ഭക്ഷണമായി വന്നതായിരുന്നു ആ കുഞ്ഞാട്. എന്നാല്‍ ഇവിടെ വെച്ച് അക്രമണ സ്വഭാവമെല്ലാം മറന്ന് ഇവര്‍ പരസ്പരം ചങ്ങാതിന്മാരായി. ആ സൗഹൃദം വളര്‍ന്ന് പന്തലിച്ച് വേര്‍പിരിയാന്‍ കഴിയാത്ത വിധം എത്തി. ഇതിനിടെ തൈമുറിനെ തനിക്കറിയാവുന്ന ഇരപിടിത്തം പഠിപ്പിക്കാനും അമുര്‍ ശ്രമിച്ചിരുന്നു.

ഒരുമിച്ച് കളിച്ചും ഭക്ഷണം കഴിച്ചും അങ്ങനെ വര്‍ഷങ്ങള്‍ കടന്ന് പോയി. ഇതിനിടെ തൈമുറിന് നല്ല ധൈര്യവും വെച്ച് തുടങ്ങി. പിന്നീട് തൈമുര്‍ അമുറിനെ ചെറുതായി ശല്യം ചെയാനും തുടങ്ങി. ഒരു ദിവസം തൈമുറിന്റെ കുസൃതികള്‍ സഹിക്കവയ്യാതെ ക്ഷുബിതനായ കടുവ ആടിനെ ഒന്ന് എടുത്ത് കുടഞ്ഞ് കുന്നിന്‍ മുകളില്‍ നിന്ന് താഴേക്കിട്ടു. ഇതോടെ ഇവരുടെ കൂട്ടുകെട്ടും പൊട്ടി.

വീഴ്ച്ചയില്‍ പരിക്കേറ്റ തൈമുറിന്റെ ആരോഗ്യ സ്ഥിതി അത്യന്തം ദയനീയമായി. പല പ്രമുഖരെയും പോലെ വിദഗ്ധ ചികിത്സയ്ക്കായി രാജ്യതലസ്ഥാനമായ മോസ്‌കോയിലേക്ക് അയച്ചെങ്കിലും ആരോഗ്യം തിരിച്ചു കിട്ടിയില്ല. ഒടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് തൈമുര്‍ ലോകത്തോട് വിട പറഞ്ഞു.

ഈ ദുഃഖ വാര്‍ത്ത പാര്‍ക്ക് അധികൃതര്‍ തന്നെയാണ് പുറത്തു വിട്ടത്. സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണ് മരണമെന്ന് തൈമുറിനെ പരിപാലിച്ചിരുന്ന എല്‍വിറ ഗൊലോവിന പറഞ്ഞു. അവന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ്ണ ബഹുമതിയോടെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തൈമുറിന്റെ ഓര്‍മ്മയ്ക്കായി അടക്കിയ സ്ഥലത്തിന് സമീപത്തായി അജ പ്രമുഖന്റെ ഒരു വെങ്കല പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

തൈമുറിന്റെ മരണത്തില്‍ നിരവധി റഷ്യക്കാര്‍ ദുഃഖം രേഖപ്പെടുത്തി.’ ഭയ രഹിതനായ തൈമുര്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നെന്നും ജീവിക്കുമെന്നാണ്’ അവര്‍ പറയുന്നത്. ധീരാ വീരാ തൈമൂറേ ആയിരമായിരം അഭിവാദ്യങ്ങള്‍ !

Exit mobile version