കൊട്ടിയൂരില്‍ നിന്നും പിടികൂടിയ കടുവയുടെ മരണ കാരണം ശ്വാസകോശത്തിലെയും വൃക്കയിലെയും അണുബാധ

തിരുവനന്തപുരം: കൊട്ടിയൂരില്‍ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തത് ശ്വാസകോശത്തിലും, വൃക്കയിലും ഉണ്ടായ അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മയക്കുവെടി വെച്ചത് കടുവയുടെ ആരോഗ്യനില മോശമാക്കിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കടുവയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടുമ്പോള്‍ തന്നെ കടുവ അവശനായിരുന്നു. കടുവയുടെ ദേഹത്ത് പരിക്കുകളും ഉണ്ടായിരുന്നു.

കടുവയെ പിടികൂടുമ്പോള്‍ അതിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഡിഎഫ്ഒ പ്രതികരിച്ചിരുന്നു. കടുവയുടെ ദേഹത്തെ പരിക്കുകള്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനിടെ ഉണ്ടായതാകാം. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കടുവയെ വനത്തില്‍ വിടേണ്ടതില്ലെന്നും തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരാമെന്നും വനം വകുപ്പ് തീരുമാനിച്ചത്.

തൃശൂരിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വെച്ചാണ് കടുവ ചത്തത്. വാഹനം കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്ത കാര്യം ഡോക്ടര്‍ മനസിലാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ തൃശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുന്നതിനുള്‍പ്പടെ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു.

Exit mobile version