പൊടിയില്‍ വിരിഞ്ഞ ചിത്രങ്ങള്‍: 77-ാം വയസില്‍ ആദ്യ ചിത്രപ്രദര്‍ശനമൊരുക്കി വ്യത്യസ്തയായി വത്സല

തൃശ്ശൂര്‍: സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും പ്രായമെന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കാതെ ചിറകടിച്ച് ഉയരങ്ങള്‍ തേടുകയാണ് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ വത്സല നാരായണന്‍. 77-ാം വയസിലും നിറങ്ങളുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു ഈ മുത്തശ്ശി. ഇതുവരെ വരച്ച ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ചിത്ര പ്രദര്‍ശനം നടത്തി പ്രായത്തെ തോല്‍പ്പിച്ചിരിക്കുകയാണ് ഈ കലാകാരി.

ചിത്രങ്ങള്‍ വരച്ച് അതിന് പല തരത്തിലുള്ള പൊടികള്‍ കൊണ്ട് നിറം നല്‍കി വ്യത്യസ്തയാവുകയാണ് വത്സല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ശങ്കരനാരായണനൊപ്പം കൊല്‍ക്കത്തയില്‍ താമസിക്കുന്നതിനിടെയാണ് കലയിലേക്ക് തിരിയുന്നത്.
കൊല്‍ക്കത്തയിലെ ഒഴിവു സമയങ്ങളില്‍ തുണികള്‍ പൊടിച്ചെടുത്ത് ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നായിരുന്നു തുടക്കം. പിന്നീട് മരപ്പൊടി, മണല്‍ തുടങ്ങിയവയും ഉപയോഗിച്ചു. പലപ്പോഴായി ശേഖരിച്ചുവെച്ച മരപ്പൊടിയും തുണി പൊടിച്ചെടുത്തതും മണലും ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് നിറം നല്‍കി.
കുട്ടികളും പഠനവും തിരക്കുകളുമായതോടെ ചിത്രകലയ്ക്ക് അവധിയായി. പിന്നീട് മക്കളും കൊച്ചുമക്കളുമായുള്ള തിരക്കുകളെല്ലാം ഒഴിഞ്ഞ്, അറുപത് വയസിന് ശേഷമാണ് വത്സല ഈ രംഗത്ത് സജീവമാകുന്നത്.

കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രനുമാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കെഎന്‍ ദാമോദരന്‍ മുഖ്യാതിഥി ആയിരുന്നു. ജൂലൈ പതിനെട്ടിന് തുടങ്ങിയ ചിത്രപ്രദര്‍ശനം 22ന് അവസാനിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രദര്‍ശന സമയം.

പാലക്കാട് ചെര്‍പ്പുളശേരിയ്ക്കടുത്ത് പനവണ്ണയിലാണ് ഇപ്പോള്‍ മക്കളോടൊപ്പം താമസം. പതിവായുള്ള ഗുരുവായൂര്‍ ദര്‍ശനത്തിനിടെ ഒരിക്കല്‍ പുറത്തെ സ്റ്റാളില്‍ ശില്‍പങ്ങളും മറ്റും വില്‍ക്കുന്നൊരാളുമായി സംസാരിച്ചു നില്‍ക്കേ അമ്മയുടെ ചിത്രങ്ങള്‍ കാണണമെന്ന് അയാള്‍ ആഗ്രഹം പറഞ്ഞു. ശേഷം, അടുത്ത മാസം ഗുരുവായൂര്‍ ദര്‍ശനത്തിനു പോയപ്പോള്‍ ഏതാനും ചിത്രങ്ങളും ഒപ്പം കൊണ്ടുപോയി. ചിത്രം കണ്ട ആ പരിചയക്കാരനാണ് പ്രദര്‍ശനം എന്ന ആശയം പറയുന്നത്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് അധ്യാപകനും ബന്ധുവുമായ വിനോദ് കണ്ണേരിയുടെ സഹായത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്.

വത്സലയ്ക്ക് കലയുടെ വേറിട്ട വഴികളില്‍ എല്ലാ പിന്തുണയുമായി മക്കളും കൊച്ചുമക്കളും ഒപ്പമുണ്ട്. മക്കള്‍: ബേബി പ്രസന്നയും സുധയും റിട്ടയേര്‍ഡ് അധ്യാപകര്‍. സുരേഷ് അബുദാബിയില്‍.

Exit mobile version