ലേലത്തുകയില്‍ റെക്കോര്‍ഡിട്ട് വാന്‍ഗോഗിന്റെ ‘വൈക്കോല്‍ക്കൂന’

ന്യൂയോര്‍ക്ക് : ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജലച്ചായ ചിത്രങ്ങളില്‍ ലേലത്തുകയില്‍ റെക്കോര്‍ഡിട്ട് ‘വൈക്കോല്‍ക്കൂന’. 1888ല്‍ വരച്ചതും പില്‍ക്കാലത്ത് നാസികള്‍ പിടിച്ചെടുത്തതുമായ പെയിന്റിങ് 3.5 കോടി ഡോളറിനാണ് വിറ്റ് പോയത്.

ഫ്രാന്‍സിലെ വിളവെടുപ്പ് കാലത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം 1905ന് ശേഷം ആദ്യമായാണ് പൊതുലേലത്തിന് വയ്ക്കുന്നത്. ഏറെ സുരക്ഷാ ക്രമീകണങ്ങളോടെയാണ് ന്യൂയോര്‍ക്കില്‍ ലേലം നടന്നതും. ഉടമസ്ഥതയെ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ ഇപ്പോഴും നടക്കുന്ന ചിത്രമാണിത്. 1913ല്‍ മാക്‌സ് മെയ്‌റോവ്‌സ്‌കി എന്നയാള്‍ ചിത്രം സ്വന്തമാക്കിയിരുന്നെങ്കിലും 1938ല്‍ ജൂതര്‍ക്ക് നേരെയുള്ള നാസി അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഇദ്ദേഹം ജര്‍മനിയില്‍ നിന്ന് രക്ഷപെടാനായി പെയിന്റിങ്ങ് വിറ്റു.

പിന്നീട് പാരിസില്‍ നിന്ന് നാസിപ്പട ചിത്രം കൈക്കലാക്കുകയും ഇത് എഡ്വിന്‍ എല്‍ കോക്‌സ് എന്നയാള്‍ സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ മരണം വരെ ചിത്രത്തിന്റെ ഉടമസ്ഥതയെക്കുറിച്ച് ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇവരില്‍ നിന്നാണ് ചിത്രം സുരക്ഷിതമാണെന്ന വിവരം ലഭിക്കുന്നതും പിന്നീടിത് പൊതുലേലത്തിന് വയ്ക്കുന്നതും.ക്രിസ്റ്റീസ് എന്ന കമ്പനിയാണ് പെയിന്റിങ് ലേലത്തിന് വെച്ചത്.

Exit mobile version