ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വിറ്റു : കിട്ടിയത് 8.7 കോടി രൂപ

Hitler | Bignewslive

ന്യൂയോര്‍ക്ക് : ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടേതെന്ന് കരുതുന്ന വാച്ച് ലേലത്തില്‍ വിറ്റത് 8.7 കോടി രൂപയ്ക്ക്. യുഎസിലെ അലക്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഓക്ഷന്‍സ് എന്ന കമ്പനി ലേലത്തില്‍ വെച്ച വാച്ച് വാങ്ങിയാതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഹിറ്റ്‌ലറിന്റെ 44ാമത് ജന്മദിനത്തില്‍ സമ്മാനം ലഭിച്ച വാച്ചാണ് ലേലത്തില്‍ വെച്ചത്. റിവേഴ്‌സിബിള്‍ ഗോള്‍ഡ് ഹ്യൂബര്‍ വാച്ചാണിത്. ഹിറ്റ്‌ലറിന്റെ ജന്മദിനമായ ഏപ്രില്‍ 20ഉം, ഹിറ്റ്‌ലര്‍ ചാന്‍സലറായ ദിവസവും 1933 മാര്‍ച്ചില്‍ നാസി പാര്‍ട്ടി ഇലക്ഷന്‍ ജയിച്ച ദിവസവും വാച്ചില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഹിറ്റ്‌ലറുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ എഎച്ചും ഒരു സ്വാസ്തിക ചിഹ്നവും വാച്ചിലുണ്ട്. 1945ല്‍ ഹിറ്റ്‌ലറുടെ അവധിക്കാല വസതിയായ ബെര്‍ഗ്രോഫ് കീഴടക്കിയ ഫ്രഞ്ച് സൈനികരാണ് വാച്ച് സ്വന്തമാക്കിയതെന്നാണ് വിവരം. പിന്നീടിത് തലമുറകള്‍ കൈമാറി എത്തുകയായിരുന്നു.

1933 മുതല്‍ 1945 വരെയായിരുന്നു ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ ജര്‍മനിയില്‍ നാസി ഭരണം. ഇക്കാലയളവില്‍ ഏകദേശം 11 മില്യണ്‍ ആളുകള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ 6 മില്യണ്‍ ജൂതവംശജരാണ്. ഹിറ്റ്‌ലറുടെ വാച്ച് ലേലത്തില്‍ വെച്ചതിനെ ജൂതസമുദായം അപലപിച്ചു. ലേലം വെറുപ്പുളവാക്കുന്നതാണെന്നും നാസി പാര്‍ട്ടി എന്തിന് വേണ്ടി നിലകൊണ്ടോ ആ ലക്ഷ്യം മഹത്വവത്കരിക്കുന്ന പ്രവര്‍ത്തിയാണ് ലേലമെന്നും ജൂതനേതാക്കള്‍ കമ്പനിക്കയച്ച തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.

Also read : പഞ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം : 19 പേര്‍ക്ക് പരിക്ക്

എന്നാല്‍ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ചരിത്രം ചരിത്രം തന്നെയാണെന്നും ചരിത്രവസ്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അലക്‌സാണ്ടര്‍ ഹിസ്റ്ററിക്കല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മിന്‍ഡി ഗ്രീന്‍സ്റ്റീന്‍ അറിയിച്ചു. ചരിത്രം നശിപ്പിക്കപ്പെട്ടാല്‍ അത് നടന്നതിന് തെളിവുകളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version