ചൈനീസ് പ്രവിശ്യയില്‍ പ്രസവാവധി ഒരു വര്‍ഷമാക്കാന്‍ നീക്കം : ഉദ്ദേശം ജനനനിരക്ക് വര്‍ധനവ്

ബെയ്ജിങ് : ചൈനയിലെ ഷാങ്ഷി പ്രവിശ്യയില്‍ പ്രസവാവധി ഒരു കൊല്ലമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ദമ്പതിമാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

നിലവില്‍ 168 ദിവസമാണ് അവധി. ഇത് ഇനിയൊരു ആറ് മാസം കൂടി നീട്ടാനാണ് ആലോചിക്കുന്നത്. മൂന്നാമത്തെ കുട്ടിയുണ്ടാവുകയാണെങ്കില്‍ പിതൃത്വ അവധി 30 ദിവസമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ജനനനിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ജര്‍മനിയുടെയും നോര്‍വെയുടെയും മാതൃക ഷാങ്ഷിയും കൈക്കൊള്ളാനൊരുങ്ങുന്നത്.

യുവാക്കളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ ജനനനിയന്ത്രണം നീക്കി ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പിന്നാലെ 14 പവിശ്യകള്‍ പ്രാദേശിക കുടുംബാസൂത്രണച്ചട്ടങ്ങള്‍ കൂടുതല്‍ ഇളവുകളോടെ ഭേദഗതി ചെയ്യുകയോ അതിനായി ശ്രമം തുടങ്ങുകയോ ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോങ്ജാങ്ങിലെ അതിര്‍ത്തി നഗരങ്ങളില്‍ നാല് കുട്ടികളെ വരെ അനുവദിക്കുന്നുണ്ട്. ചില പ്രവിശ്യകളില്‍ മൂന്ന് വയസ്സിന് താഴെ കുട്ടികളുള്ള ദമ്പതികള്‍ക്ക് അവരെ നോക്കാനായും അവധി നല്‍കുന്നുണ്ട്. ഹൈനാന്‍ പ്രവിശ്യയില്‍ കുട്ടികളുടെ പരിചരണത്തിനായി ദിവസവും ഒരു മണിക്കൂര്‍ ദമ്പതികള്‍ക്ക് ജോലിയില്‍ നിന്ന് ഇടവേളയെടുക്കാം.

Exit mobile version