കടലിനടിയിലൊരു ഒരു ‘ഡെന്റല്‍ ക്ലിനിക് ‘ : സ്‌കൂബ ഡൈവറുടെ പല്ല് വൃത്തിയാക്കുന്ന ചെമ്മീന്‍, വീഡിയോ

മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ജീവികളും എന്നാല്‍ വല്യ താല്പര്യം പ്രകടിപ്പിക്കാത്തവരുമായി കുറേയധികം പേരുണ്ട് കടലിനടിയില്‍. മനുഷ്യരുമായി നല്ല കമ്പനിയാവുന്നവരുടെ കൂട്ടത്തില്‍ ഡോള്‍ഫിനുകളെയാണ് നമുക്കേറ്റവും പരിചയം. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഒരു ചെമ്മീന്റെ കാര്യമെടുത്താല്‍ ഈ അഭിപ്രായം മാറിക്കിട്ടും. സ്‌കൂബ ഡൈവറുടെ പല്ല് വൃത്തിയാക്കുന്ന ചെമ്മീനാണ് വീഡിയോയിലെ താരം. അമേസിംഗ് നേച്ചേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെള്ളത്തിനടിയിലൂടെ നീന്തുന്ന സ്‌കൂബ ഡൈവറെയാണ് വീഡിയോയില്‍ ആദ്യം കാണുക. പിന്നീട് ഒരു പവിഴപ്പുറ്റിനടുത്ത് നില്‍ക്കുന്ന ചെമ്മീനിനടുത്തെത്തുമ്പോള്‍ ഇദ്ദേഹം തന്റെ വായ തുറക്കുകയും ചെമ്മീന്‍ വായ്ക്കകത്ത് കയറി പല്ല് വൃത്തിയാക്കുകയും ചെയ്യുന്നു. ചെമ്മീന്‍ തന്റെ ജോലി ചെയ്തു തീരുന്നത് വരെ ഇയാള്‍ വായ തുറന്ന് പിടിക്കുന്നുണ്ട്. തന്റെ കാലുകള്‍ കൊണ്ടാണ് ചെമ്മീന്‍ പല്ലുകളില്‍ തൊടുന്നത്.

ചെമ്മീന്‍ യഥാര്‍ഥത്തില്‍ പല്ല് വൃത്തിയാക്കുകയാണോ അതോ ഭക്ഷണം തേടുകയാണോ എന്നൊന്നും വ്യക്തമല്ല. പല്ല് വൃത്തിയാക്കേണ്ടവര്‍ സമീപിക്കൂ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പല്ല് തേയ്ക്കാനാണെങ്കില്‍ ഒരു ബ്രഷ് വാങ്ങിയാല്‍ പോരെ ഇത്ര കഷ്ടപ്പെടണോ എന്നും, ചെമ്മീന്‍ ഭക്ഷണമോ മറ്റോ തേടിയാണ് വായ്ക്കുള്ളില്‍ കയറിതെന്നും താങ്കള്‍ തെറ്റിദ്ധരിച്ചുവെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍.

ക്ലീനര്‍ ഷ്രിംപ് എന്നറിയപ്പെടുന്ന ചെമ്മീനാണ് വീഡിയോയിലുള്ളതെന്നാണ് വിവരം. മത്സ്യങ്ങളുടെയും മറ്റ് കടല്‍ ജീവികളുടെയുമുമൊക്കെ ദേഹത്തുള്ള നിര്‍ജീവ കോശങ്ങളെയും പാരസൈറ്റുകളെയുമൊക്കെ നീക്കം ചെയ്യുകയാണ്
ഇവയുടെ പ്രധാന പണി.

Exit mobile version