‘സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം’; ഇന്ന് ആറ് മണിക്ക് മുന്‍പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം

ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും നിര്‍ദേശം നല്‍കിയത്.

അതിനിടെ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന ഉത്തരവില്‍ വ്യക്തത തേടി മുഖ്യമന്ത്രിയും കോണ്‍ഗ്രസും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എംഎല്‍എമാര്‍ക്കു മേല്‍ വിപ്പ് ചുമത്താനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചു.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. വിശ്വാസ വോട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും തുടര്‍ന്നേക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് സ്പീക്കറുടെ അന്ത്യശാസനം.

Exit mobile version