അജയ്യരായി ഇന്ത്യ! ഒമ്പതിൽ ഒമ്പത്; നെതർലാൻഡ്‌സിന് എതിരെ ഇന്ത്യയ്ക്ക് 160 റൺസിന്റെ വിജയം

ബംഗളൂരു: ആദ്യ റൗണ്ടിലെ ഒമ്പത് മത്സരങ്ങളിൽ ഒമ്പതും വിജയിച്ച് അജയ്യരായി ഇന്ത്യയ്ക്ക് ഇനി സെമി കളിക്കാം. അവസാന മത്സരത്തിൽ 160 റൺസിന് നെതർലാൻഡ്‌സിനെ നിലംപരിശാക്കിയാണ് ഇന്ത്യ വിജയം കൊയ്തത്. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പതിനൊന്ന് ജയം കുറിച്ച ഓസ്‌ട്രേലിയ മാത്രമാണ് മുന്നില്‍.

ഇന്ത്യ ഉയർത്തിയ 411 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡച്ച് പട 47.5 ഓവറിൽ 250 റൺസിൽ എത്തി നിൽക്കെ ഓൾ ഔട്ട് ആവുകയായിരുന്നു.

ബംഗളൂരു ചിന്നസ്വാമിയിലെ ബാറ്റിംഗ് പിച്ചിനെ മുതലെടുത്ത് ആദ്യം ബാറ്റ് വീശിയ ഇന്ത്യ അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റൺസ് നേടിയാണ് ഡച്ചിനെതിരെ ഫീൽഡിംഗിന് ഇറങ്ങിയത്. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തതിനെ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ നിരയുടെ പ്രകടനം.

ക്രീസിലിറങ്ങിയവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ 400+ റൺസ് പിറക്കുകയായിരുന്നു.

ശ്രേയസ് അയ്യരും കെഎൽ രാഹുലും സെഞ്ച്വറി നേടിയപ്പോൾ, രോഹിത് ശർമ്മ(61), വിരാട് കോഹ്‌ലി (51), ശുഭ്മൻ ഗിൽ (51)തുടങ്ങിയവർ അർധ സെഞ്ച്വറിയും നേടി.

കെഎൽ രാഹുൽ 64 പന്തിൽ നിന്നാണ് 102 റൺസെടുത്തത്. 94 പന്തിയിൽ നിന്നും 128 റൺസ് ശ്രേയസ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തു.

ALSO READ- ‘വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ട പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത; ഗവർണർ അതിരുകളെല്ലാം ലംഘിക്കുന്നു’: മുഖ്യമന്ത്രി

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Exit mobile version