ദുരിതപര്‍വ്വം താണ്ടാന്‍ പാലസ്തീന് ഇന്ത്യയുടെ സഹായം; ജീവന്‍രക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേന വിമാനം ഈജിപ്തിലേക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കടുത്ത ദുരിതത്തിലായ പാലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. ഈജിപ്ത് അതിര്‍ത്തി വഴി പാലസ്തീനിലേക്ക് സഹായമെത്തിക്കാന്‍ വ്യോമസേന വിമാനം പുറപ്പെടുന്നു. ഗാസയിലെ ജനങ്ങള്‍ക്കുള്ള 6.5 ടണ്‍ വൈദ്യസഹായവും 32 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ എത്തിക്കുക.

ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിന്‍, സാനിറ്ററി ഉപകരണങ്ങള്‍, വെള്ളം ശുദ്ധീകരിക്കാനുള്ള ഗുളികകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ പ്രത്യേക വ്യോമസേനാ വിമാനത്തിയക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സില്‍ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.

ALSO READ-വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലും വ്യോമാക്രമണം; ഗാസയില്‍ നിന്ന് പാലായനം ചെയ്യാത്തവരെ ഹമാസായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രയേല്‍

ഈജിപ്തിലെ എല്‍-ഐറിഷ് വിമാനത്താവളത്തിലേക്കാണു വിമാനം പറക്കുക. ഇവിടെനിന്ന് അതിര്‍ത്തി വഴിയാവും ഗാസയിലേക്ക് സഹായം എത്തിക്കുക. യുഎസ് ഉള്‍പ്പെടെയുള്ളവരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഈജിപ്തിലെ റഫാ അതിര്‍ത്തി തുറന്നത്.

ജീവകാരുണ്യ സഹായവുമായി ട്രക്കുകള്‍ ശനിയാഴ്ച മുതല്‍ ഗാസയിലേക്കു എത്തിതുടങ്ങി. 20 ട്രക്കുകളാണ് ഇന്നലെ കടത്തിവിട്ടത്.

Exit mobile version