പിഎസ്ജിയിൽ കളി മതിയാക്കി മെസി; ശനിയാഴ്ച പിഎസ്ജി ജഴ്‌സിയിൽ അവസാന മത്സരം; സ്ഥിരീകരിച്ച് പരിശീലകൻ

പാരിസ്: ഇതിഹാസ താരം ലയണൽ മെസി പിഎസ്ജി ക്ലബിനോട് വിട വാങ്ങുകയാണ് എന്ന് സ്ഥിരീകരിച്ച് പരിശീലകൻ. ക്ലബുമായുള്ള അസ്വാരസ്യങ്ങൾക്കും ആരാധകരുടെ മോശം പ്രതികരണത്തിനും വിരാമമിട്ട് മെസി പിഎസ്ജിയോട് വിട പറയുകയാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ഉയർന്നുകേട്ടിരുന്നു. ഒടുവിൽ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽട്ടിയർ ഇക്കാര്യം സ്ഥിരീകരിച്ചതോടെ മെസി ഇനി എങ്ങോട്ട് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ശനിയാഴ്ച ക്ലെർമണ്ടിനെതിരെയുള്ള മത്സരം പിഎസ്ജി ജഴ്‌സിയിലെ മെസിയുടെ അവസാന മത്സരമാകുമെന്നും ഗാൽട്ടിയർ പറഞ്ഞു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാരിസിലെ പാർക് ദെ പ്രിൻസസിലാണ് മത്സരം.

തനിക്ക് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായെന്നും, ശനിയാഴ്ച പിഎസ്ജി ജഴ്‌സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്നും പരിശീലകൻ പറഞ്ഞു. ഊഷ്മളമായ ഒരു വിടവാങ്ങൽ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ഗാൽറ്റിയർ കൂട്ടിച്ചേർത്തു.

മെസിയെ ആരവത്തോടെ ക്ലബിലേക്ക് വരവേറ്റ ആരാധകർ പിന്നീട് താരത്തിനെ കൂവുന്ന കാഴ്ചയാണ് കാണാനായത്. മെസിയുടെ മികവിൽ കഴിഞ്ഞ മത്സരത്തോടെ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചെങ്കിലും മെസിയെ അംഗീകരിക്കാൻ ആരാധകർ തയ്യാറായിട്ടില്ല.

ALSO READ- ഗാർഹിക പീഡനം സഹിക്കാൻ വയ്യ; സഹോദരങ്ങൾക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊല ചെയ്ത് യുവതി; പോലീസെത്തിയപ്പോൾ ഭീഷണിയും; നാടകീയം

ക്ലബ്ബുമായി കരാർ പുതുക്കാൻ കൂട്ടാക്കാതിരുന്ന മെസിയെ പല മത്സരങ്ങളിലും കൂവലോടെയാണ് ആരാധകർ വരവേറ്റത്. ഇതിനിടെ ക്ലബ്ബിനെ അറിയിക്കാതെ മെസി സൗദിയിൽ സന്ദർശനത്തിനു പോയിരുന്നു. പിന്നീട് ക്ലബ് സസ്‌പെൻഡ് ചെയ്യുകയും മെസി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതും പിഎസ്ജിയുമായുള്ള മെസിയുടെ ബന്ധം തകർത്തു.

2021ലാണ് സ്പാനിഷ് ക്ലബ് ബാഴ്‌ലോണ എഫ്‌സിയിൽ നിന്നും മെസി പിഎസ്ജിയിലെത്തിയത്. ഇതുവരെ പാരിസ് ക്ലബ്ബിനു വേണ്ടി 74 മത്സരങ്ങളിൽ നിന്നായി 32 ഗോളുകളും 35 അസിസ്റ്റുകളും നേടി. ഫ്രഞ്ച് ലീഗിൽ പിഎസ്ജി 11-ാം തവണ ജേതാക്കളുമായി. എങ്കിലും മെസിയും നെയ്മറും എംബാപെയും ഉണ്ടായിട്ടും ചാംപ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായത് ആരാധകരെ ക്ഷുഭിതരാക്കിയിരുന്നു.

നിലവിൽ സൗദി ക്ലബ് അൽ ഹിലാൽ മെസിക്കായി രംഗത്തുണ്ട്. 40 കോടി യുഎസ് ഡോളർ (ഏകദേശം 3270 കോടി രൂപ) മെസിക്ക് ഓഫർ നൽകിയെന്നാണ് വിവരം. ഇതിനിടെ അമേരിക്കൻ മേജർ ലീഗിലെ ക്ലബ്ബുകളും മെസിക്കായി രംഗത്തുണ്ട്.

Exit mobile version