ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; വാര്‍ത്ത സമ്മേളനം ആറ് മണിക്ക്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. കൊവിഡ് അവലോകന യോഗത്തിന് ശേഷം ആറ് മണിക്ക് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തും. മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചതിനാലായിരുന്നു താത്ക്കാലികമായി വാര്‍ത്ത സമ്മേളനം നിര്‍ത്തി വച്ചത്. കൊവിഡ് കണക്കുകളും പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരിപ്പൂര്‍ വിമാനാപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് ഒപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, മലപ്പുറം എസ്.പി എന്നിവര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ക്വാറന്റൈനില്‍ പോയത്.

സെക്രട്ടേറിയറ്റിലെ തീപിടുത്തം, സ്വര്‍ണക്കടത്ത് കേസ്, നിയമസഭയിലെ അവിശ്വാസപ്രമേയം തുടങ്ങി നിരവധി വിഷയങ്ങളിലുള്ള പ്രതിപക്ഷ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Exit mobile version