സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാള്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോടും ചികിത്സയിലാണ്. ഏഴാം തിയതി ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ഒരാളിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.

അതെസമയം ഇന്ന് ഒരാളുടെ രോഗം കൂടി ഭേദമായി. ഇടുക്കി ജില്ലയില്‍ ചികിത്സയിലായിരുന്ന ആളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
ഇതോടെ സംസ്ഥാനത്ത് 485 പേര്‍ രോഗമുക്തി നേടി. 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് 23930 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 23596 പേര്‍ വീടുകളിലും 334 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3475 സാമ്പിളുകളില്‍ 3231 എണ്ണത്തില്‍ നെഗറ്റീവ് ഫലം ആയി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version