സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയിലാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലുണ്ട്. 237 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില് നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം നെഗറ്റീവാണ്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ രാജ്യത്ത് ഒരാള്‍ കൂടെ കൊവിഡ് ബാധിച്ചു മരിച്ചു. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇന്ത്യയില്‍ ഇന്ന് 28 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 197 ആയി ഉയര്‍ന്നു.

Exit mobile version