സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി; കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി. ഒരാള്‍ യുഎഇയില്‍ നിന്നെത്തിയതാണ്. രണ്ടാമത്തെയാള്‍ വെള്ളനാട് സ്വദേശിയാണ്. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ച മൂന്നാമന്‍ ഇതാദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. ഇതില്‍ 5291 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം
69 പേരാണ് അഡ്മിറ്റായതെന്നും മുഖ്യമന്ത്രി അറിയിച്ചു. 1715 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗറ്റിവ് ആണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുകെയില്‍ നിന്നും വന്ന ആളും ഇറ്റാലിയന്‍ പൗരനും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതിനിടയില്‍ ഇവര്‍ ആരെയെങ്കിലും ബന്ധപ്പെട്ടോ എന്ന കാര്യം ശക്തമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version