മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച തലയോട്ടി, 137 വജ്രങ്ങള്‍; ഇത് 17 ലക്ഷത്തിലധികം വിലയുള്ള ഐഫോണ്‍

ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയുടെ ഗോള്‍ഡന്‍ കണ്‍സപ്റ്റ് ആണ് വിലയേറിയ ഈ ഐഫോണ്‍ രൂപകല്‍പന ചെയ്തത്.

ഇപ്പോള്‍ തരംഗമാവുന്ന ഒന്നാണ് 17 ലക്ഷത്തിന്റെ ഐഫോണ്‍. ഐഫോണിന് 17 ലക്ഷമോ എന്ന ചോദ്യം ഉയര്‍ത്താന്‍ വരട്ടെ, പ്രത്യേകതകള്‍ ചെറുതല്ല. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച തലയോട്ടി, 137 വജ്രങ്ങള്‍ തുടങ്ങിയവയാണ് ഈ ഫോണില്‍ ഉള്ളത്. ഐഫോണ്‍ ആരാധകര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഇത്. ഈ ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ ആഗ്രഹം മാത്രം പോരാ, കൈയ്യില്‍ പണവും വേണമെന്നു സാരം.

ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയുടെ ഗോള്‍ഡന്‍ കണ്‍സപ്റ്റ് ആണ് വിലയേറിയ ഈ ഐഫോണ്‍ രൂപകല്‍പന ചെയ്തത്. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. ഐഫോണ്‍ ടെന്‍ എക്സ് മാക്സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിര്‍മ്മിച്ചിരിക്കുന്നത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മുതലയുടെ തൊലിയില്‍ നിര്‍മ്മിച്ച കവചവുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

ലോകത്തെ അതിസമ്പന്നന്മാര്‍ ഈ ഐഫോണ്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഫോണിന് ഒരു വര്‍ഷം വാറന്റിയുണ്ട്. 30 ദിവസം തിരിച്ച് നല്‍കാനുള്ള സമയവും നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലായ അണ്‍ബോക്സ് തെറാപ്പിയില്‍ ഈ ഫോണ്‍ ചിത്രീകരിച്ചിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എന്നാണ് ഈ ഐഫോണിനെ അണ്‍ബോക്സ് തെറാപ്പി യൂട്യൂബറും വിശേഷിപ്പിക്കുന്നത്.

Exit mobile version