ഓര്‍ഡര്‍ ചെയ്തത് അരലക്ഷത്തിന്റെ ഐഫോണ്‍, കിട്ടിയത് നിര്‍മ സോപ്പ്

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ഥിക്ക് ലഭിച്ചത് നിര്‍മ ഡിറ്റര്‍ജന്റ് ബാര്‍. കര്‍ണാടകയിലെ കോപ്പല്‍ സ്വദേശിയായ ഹര്‍ഷ എസ് എന്ന വിദ്യാര്‍ഥിക്കാണ് ദുരനുഭവമുണ്ടായത്.

കോപ്പലിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഫ്‌ലിപ്പ്കാര്‍ട്ടിനോടും അതിന്റെ റീട്ടെയിലര്‍മാരോടും അവരുടെ സേവനത്തില്‍ വന്ന പോരായ്മയ്ക്ക് നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

2021ലാണ് ഹര്‍ഷ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. 48,999 രൂപയാണ് ഹര്‍ഷ ഫോണിന് വേണ്ടി നല്‍കിയത്. പാര്‍സല്‍ തുറന്നതും ഞെട്ടിപ്പോയെന്ന് ഹര്‍ഷ തന്റെ പരാതിയില്‍ പറഞ്ഞു. അതില്‍ 140 ഗ്രാമുള്ള ഒരു നിര്‍മ ഡിറ്റര്‍ജെന്റ് സോപ്പും കീപാഡ് ഫോണുമായിരുന്നു ഉണ്ടായിരുന്നത്.

ഉല്‍പ്പന്നം വിറ്റ് കഴിഞ്ഞാലും വില്‍പ്പനക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കമ്മീഷന്‍ കഴിഞ്ഞയാഴ്ച ഉത്തരവില്‍ പറഞ്ഞിരുന്നു. ‘ഇപ്പോള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് എല്ലായിടത്തും വ്യാപിക്കുന്നുവെന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്, കാരണം ഇത് സമയവും പണവും ലാഭിക്കാന്‍ സഹായിക്കുന്നു.

പക്ഷേ, ഉല്‍പ്പന്നം വിറ്റതിന് ശേഷം കമ്പനികളുടെ ഉത്തരവാദിത്തങ്ങള്‍ അവസാനിക്കുന്നില്ല, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തണമെന്നത് കമ്പനികളുടെ ബാധ്യതയാണ്. ഉപഭോക്താക്കളെ കബളിപ്പിക്കാനും തെറ്റായ വസ്തുക്കളോ ഉല്‍പ്പന്നങ്ങളോ അയച്ച് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാനും കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ല,’ -കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ഫ്ളിപ്കാര്‍ട്ടിനോടും അതിന്റെ റീട്ടെയില്‍ വില്‍പ്പനക്കാരനോടും സേവനത്തിലെ പോരായ്മയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായത്തിനും 10,000 രൂപയും ഉപഭോക്താവിന്റെ മാനസിക വേദന, ശാരീരിക പീഡനം, വ്യവഹാരച്ചെലവ് എന്നിവയ്ക്ക് 15,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഫോണിന്റെ വിലയായ 48,999 രൂപ എട്ട് ആഴ്ചയ്ക്കുള്ളില്‍ തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Exit mobile version