ആപ്പിളിന് ഇത് കഷ്ടകാലം! പൊട്ടിത്തെറിക്കാന്‍ സാധ്യത; മാക് ബുക്ക് പ്രോ തിരികെ വിളിക്കുന്നു

ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ കടുത്ത തീരുമാനം.

ആപ്പിള്‍ കമ്പനിക്ക് ഇത് കഷ്ടകാലമാണ്. തൊട്ടതെല്ലാം പൊന്നായിരുന്ന കാലത്തു നിന്നും തൊട്ടതെല്ലാം അബദ്ധമാവുകയാണ് ആപ്പിളിന്. ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ ആശങ്കയെ തുടര്‍ന്ന് കമ്പനി തിരികെ വിളിക്കുകയാണ്. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ കടുത്ത തീരുമാനം.

പ്രധാനമായും സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്നമുള്ളത്. സീരിയല്‍ നമ്പര്‍ പരിശോധിച്ചാല്‍ ഇക്കാര്യം കണ്ടെത്താം.

നേരത്തെ പ്രശ്നമുളള ഐഫോണുകളിലെ ബാറ്ററിയും സൗജന്യമായി മാറ്റി നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ പ്രശ്നമുള്ള ലാപ്പുകളിലെ ബാറ്ററികള്‍ ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. സര്‍വീസും ബാറ്ററിയും സൗജന്യമായി നല്‍കും. apple.com/support/15þ-inchþ-macbookþ-proþ-batteryþ-recall എന്ന വെബ് പേജില്‍ പരിശോധിച്ചാല്‍ ലാപ്പുകളുടെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്ന് കണ്ടെത്താനാകും.

നേരത്തെ ആപ്പിളിന്റെ 13 ഇഞ്ച് മാക്ബുക്ക് പ്രോയില്‍ സമാനമായ പ്രശ്നം കണ്ടതിനെ തുടര്‍ന്ന് തിരികെ വിളിച്ചിരുന്നു.

Exit mobile version