48 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഷവോമി

ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്ത് വിടുകയും ചെയ്തിരുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി 48 മെഗാപിക്‌സല്‍ ക്യാമറ ശേഷിയുള്ള ഫോണ്‍ പുറത്തിറക്കുന്നു. ജനുവരിയില്‍ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്ത് വിടുകയും ചെയ്തിരുന്നു.

ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വെയ്ബോയിലൂടെ ഷാവോമി പ്രസിഡന്റ് ലിന്‍ബിന്‍ ആണ് ഫോണിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഫോണിന്റെ മറ്റ് കുറച്ച് ഫീച്ചറുകള്‍ കൂടി കമ്പിനി അവതരിപ്പിച്ചിരിക്കുകയാണ്.

റെഡ്മി7 അഥവാ റെഡ്മി പ്രോ2 എന്നായിരിക്കും പുതിയ മോഡലിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസറാണ് ഫോണിലുള്ളത്. 3,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. മൂന്ന് റിയര്‍ ക്യാമറകള്‍ ഫോണില്‍ പ്രതീക്ഷിക്കാം. റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒ കുറിച്ച പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഷവോമിയുടെ രണ്ടാമത്തെ സബ് ബ്രാന്‍ഡാണ് റെഡ്മി. പോക്കോയാണ് ഷവോമിയുടെ ആദ്യ സബ് ബ്രാന്‍ഡ്. 48 മെഗാപിക്സല്‍ ക്യാമറയുമായി ഒരു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐഎംഎക്സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഇതില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ജനുവരി പത്താം തിയതിയോടെ പുതിയ സബ് ബ്രാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

Exit mobile version