ഫോണ്‍ പൊട്ടിത്തെറിച്ച് ആദിത്യശ്രീയുടെ മരണം: അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ

തൃശൂര്‍: തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിച്ച് മൊബൈല്‍ ഫോണ്‍ കമ്പനി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് രാസസ്ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്) എന്നാണ് പ്രാഥമിക വിവരം.

ഫോറന്‍സിക് പരിശോധനയിലാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് ദാരുണായി മരിച്ചത്. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യശ്രീ.

ഡിസ്പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് വെടിയുണ്ട കണക്കെയായിരുന്നു സ്ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഫോണിന് കാര്യമായ കേടുപാടുകളില്ല. പൊട്ടിത്തെറിയില്‍ ആദിത്യശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു.

Exit mobile version