‘റെഡ്മി ഗോ’വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി

ഷവോമി പുറത്തുവിട്ട ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലുമായി വിപണിയിലേക്ക് എത്തുന്നു. ‘റെഡ്മി ഗോ’ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഷവോമി പുറത്തുവിട്ട ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫോണിന്റെ വില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ കമ്പനി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ബജറ്റ് സ്മാര്‍ട്ഫോണ്‍ നിരയില്‍ മുന്നിലുള്ള ഷമോവി ഇതും ഒരു ബജറ്റ് മോഡലായി തന്നെ അവതരിപ്പിക്കും എന്നുവേണം കരുതാന്‍.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജിബി റാം, 8 ജിബി സ്റ്റോറേജ് ( 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം), എട്ട് മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറ, എല്‍ഇഡി ഫ്ളാഷ്, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സിം, ബ്ലൂടുത്ത്, മൈക്രോ യുഎസ്ബി എന്നീ കാര്യങ്ങള്‍ മാത്രമാണ് ഷവോമി പുറത്തുവിട്ട ട്വിറ്റില്‍, ഫോണിന്റെ സവിശേഷതകളായി പറയുന്നത്.

ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിലാണ് സ്മാര്‍ട്ഫോണ്‍ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വിലക്കുറവുള്ള ചെറിയ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ കുഞ്ഞന്‍ പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ. ഒരു ജിബി റാം ശേഷിയും കുറഞ്ഞ ശേഷിയുമുള്ള ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ആന്‍ഡ്രോയിഡ് ഗോ തയ്യാറാക്കിയിരിക്കുന്നത്.

ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഡ്യുവല്‍ സിം, ഡെഡിക്കേറ്റഡ് കാര്‍ഡ് സ്ലോട്ട്, വൈഫൈ, ബ്ലൂടുത്ത് 4.1 എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Exit mobile version