മഴ ഇന്നും സെമി ഫൈനല്‍ മത്സരം മുടക്കിയാല്‍ ഇന്ത്യ ഫൈനലില്‍! ഐസിസി ചട്ടങ്ങള്‍ ഇങ്ങനെ

മാഞ്ചസ്റ്റര്‍: സെമി ഫൈനലില്‍ നോക്കൗട്ട് റൗണ്ടുകളിലേതിനു സമാനമായി മഴ കളി തുടരുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ സെമി പോരാട്ടം പാതിയില്‍ നിലച്ചത് ആരാധകര്‍ക്കും നിരാശയായി. മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന്റെ 46.1 ഓവറിലാണ് മഴ കളി മുടക്കാനെത്തിയത്. ഐസിസി അനുവദിച്ച പകരം ദിനമായ ഇന്നും മഴ കളി മുടക്കിയേക്കുമെന്നാണ് സൂചനകള്‍. മഴമൂലം കളി തുടരാനാകുന്നില്ലെങ്കില്‍ ലോകകപ്പ് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ് ഐസിസി നിയമം. മഴ പെയ്തില്ലെങ്കില്‍ മത്സരം നിര്‍ത്തിയിടത്തു നിന്നും പുനരാരംഭിക്കും.

സെമിയില്‍ പകരം ദിനത്തിലും മഴ തുടര്‍ന്നാല്‍ പ്രാഥമികഘട്ടത്തില്‍ ഉയര്‍ന്ന പോയിന്റുള്ള ടീം ഫൈനലിലെത്തുമെന്നാണ് ഐസിസി ചട്ടം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഫൈനലിലെത്താന്‍ സാധിക്കും. സെമിയോ ഫൈനലോ ടൈ ആവുകയാണെങ്കില്‍ സൂപ്പര്‍ ഓവറില്‍ കളി നിര്‍ണ്ണയിക്കുമെന്നും ഐസിസിയുടെ നിര്‍ദേശങ്ങളിലുണ്ട്.

ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ 15 പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ന്യൂസിലാന്‍ഡിന് 11ഉം. അതേസമയം, ഫൈനലിലും പകരം ദിനത്തില്‍ മഴപെയ്ത് കളി ഉപേക്ഷിച്ചാല്‍ ട്രോഫി പങ്കുവയ്ക്കും. 14നാണ് ഫൈനല്‍. രണ്ടാം സെമി നാളെയാണ് ഓസീസ്-ഇംഗ്ലണ്ടിനെ നേരിടും.

Exit mobile version