ട്വന്റി 20 ലോകകപ്പിനായി ടീം ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക്; സഞ്ജുവും കോഹ്‌ലിയും ഹാർദ്ദിക്കും പിന്നീട് യാത്രയാകും

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളുടെ രണ്ടാമത്തെ സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഐപിഎൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ യുസ്‌വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ, ആവേശ് ഖാൻ എന്നിവരാണ് രണ്ടാം സംഘത്തിൽ പുറപ്പെട്ടിരിക്കുന്നത്. റിസർവ് താരങ്ങളിൽ ഉൾപ്പെട്ട റിങ്കു സിങും ഇന്ന് യാത്ര തിരിക്കും.

രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ നിലവിൽ ഇവർക്കൊപ്പം യാത്ര തിരിച്ചിട്ടില്ല. സ്വകാര്യ ആവശ്യങ്ങൾക്കായി ദുബായിലേക്കുള്ള യാത്രയിലാണ് സഞ്ജു. ഇതിന് ശേഷമാണ് അമേരിക്കയിലുള്ള ടീമിനൊപ്പം ചേരുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ഫീൽഡിങ് പരിശീലകൻ ടി ദിലീപ്, രവീന്ദ്ര ജദേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ് എന്നിവരടങ്ങിയ ആദ്യ സംഘം നേരത്തെ അമേരിക്കയിലെത്തിയിരുന്നു.

ALSO READ- പെരിഞ്ഞനത്ത് ജീവനപഹരിച്ചത് നിരോധിച്ച മുട്ടചേർത്ത മയോണൈസ്? എല്ലാം വിറ്റുതീർന്നെന്ന് പറഞ്ഞ് സാംപിൾ എടുക്കാൻ അനുവദിക്കാതെ ഹോട്ടലുടമ

വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കുന്ന വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ, സൂപ്പർ താരം വിരാട് കോഹ്‌ലി, മലയാളി താരം സഞ്ജു സാംസൺ എന്നിവരാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേള വേണമെന്ന കോഹ്‌ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. അതേസമയം, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വിദേശത്ത് അവധി ആഘോഷത്തിലാണ്. താരം വൈകാതെ അമേരിക്കയിലെത്തും.

Exit mobile version