സെഞ്ചുറിയടിച്ച് രാഹുലും രോഹിതും: ശ്രീലങ്കയെ 7 വിക്കറ്റിന് അടിച്ചുതകര്‍ത്ത് കോഹ്‌ലിപ്പട

ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (103), കെഎല്‍ രാഹുലിന്റെയും (111) സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ഉജ്ജ്വല ജയം. ഈ ലോകകപ്പിലെ രോഹിതിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്.

ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.

നേരത്തെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്ക 264 റണ്‍സെടുത്തത്. മാത്യൂസ് 113 റണ്‍സെടുത്ത് പുറത്തായി. 55 ന് 4 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസും തിരിമാനെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്.

തിരിമാനെ 53 റണ്‍സെടുത്ത് പുറത്താവുമ്പോഴേക്കും സ്‌കോര്‍ ബോര്‍ഡില്‍ 179 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് ധനഞ്ജയ ഡി സില്‍വയെ ഒപ്പം ചേര്‍ത്താണ് (29) മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തിയത്. നായകന്‍ ദിമുത് കരുണരത്നെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 10 റണ്‍സായിരുന്നു താരം നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Exit mobile version