ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ‘ഫാന്‍ മുത്തശ്ശി’യ്ക്ക് ലോകകപ്പ് സൗജന്യമായി കാണാം; ഗാലറിയിലെ താരമായ ചാരുലത പട്ടേലിന് ടിക്കറ്റ് നല്‍കുമെന്ന് കോഹ് ലിയും ആനന്ദ് മഹീന്ദ്രയും

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത് ഒരു എണ്‍പത്തിയേഴുകാരിയായിരുന്നു. ഗാലറിയില്‍ മുഖത്ത് ഇന്ത്യന്‍ പതാക വരച്ചും, ട്രംപെറ്റൂതിയും ആവേശം കൊണ്ട ചാരുലത പട്ടേല്‍.

ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ സ്നേഹം നേടിയ ഈ മുത്തശ്ശിക്ക് ഇനി ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാം. മുത്തശ്ശിക്കുള്ള ടിക്കറ്റ് എത്തിക്കാമെന്നു പറഞ്ഞിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുമാണ്.

ബംഗ്ലാ കടുവകളെ കീഴടക്കിയ ശേഷം കോഹ്‌ലിയും രോഹിതും ചാരുലതയ്ക്കരികില്‍ ഓടിയെത്തി ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ക്കും ഈ മുത്തശ്ശിയെ കാണാന്‍ സാധിക്കുമെന്ന് കോഹ്‌ലി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ടിക്കറ്റില്ലെന്ന് അവര്‍ അറിയിച്ചതോടെ അതെല്ലാം താന്‍ ശരിയാക്കിക്കൊള്ളാമെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര ഇന്ത്യന്‍ ടീമിന്റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട് കാണാനായി മുത്തശ്ശിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചത്.

താന്‍ ഇന്ത്യയുടെ കളി കാണാതെ സ്‌കോര്‍ മാത്രം അറിയുന്നതാണ് പതിവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കുറച്ചുസമയം ടിവി ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അവരെ ശ്രദ്ധിച്ചത്. ഇവര്‍ ആരാണെന്ന് കണ്ടെത്തിയാല്‍ ടീം ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

താന്‍ പതിറ്റാണ്ടുകളായി ക്രിക്കറ്റിനെ സ്‌നേഹിക്കുകയാണെന്നും എല്ലാ മത്സരങ്ങളും കാണാന്‍ ശ്രമിക്കാറുണ്ടെന്നും ചാരുലത പട്ടേല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും തന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നെന്നും മുത്തശ്ശി ആവേശത്തോടെ പറയുന്നു. ഈ ലോകകപ്പും ഇന്ത്യയുടേതാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version