രോഹിതിന് സെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; ബംഗ്ലാദേശിന് ലക്ഷ്യം 315 റണ്‍സ്

ബിര്‍മിങ്ഹാം: ലോകകപ്പില്‍ ബംഗ്ലാദേശിന് മുന്നില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. രോഹിത് ശര്‍മ നേടിയ സെഞ്ചുറിയുടെയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്മമാന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച രോഹിത്ത് ശര്‍മയുടെയും (104), കെഎല്‍ രാഹുലിന്റെയും (77) മികച്ച ഇന്നിങ്സുകളുടെ പിന്‍ബലത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 180 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഓപ്പണിങ് സഖ്യം ചേര്‍ത്തത്. 92 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും സഹിതം 104 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ലിട്ടണ്‍ ദാസ് ക്യാച്ചെടുത്തായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെ 77 റണ്‍സെടുത്ത രാഹുലും മടങ്ങി. സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതിയ നായകന്‍ കോഹ്ലിയെ (26) നിലയുറപ്പിക്കുന്നതിനു മുന്‍പേ മുസ്താഫിസുര്‍ റഹ്മാന്‍ വീഴ്ത്തി, തൊട്ടുപിന്നാലെ ഹര്‍ദിക് പാണ്ഡ്യയും (0) മടങ്ങി. ആക്രമിച്ച് കളിച്ച ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ (48) വീണതോടെ സ്‌കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു.

ദിനേശ് കാര്‍ത്തിക്കിനും (8) പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ധോണി 32 പന്തില്‍ 35 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ അഞ്ചും റൂബെല്‍ ഹുസൈന്‍, സൗമ്യ സര്‍ക്കാര്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Exit mobile version