പിങ്ക് പന്തിലും ഇന്ത്യ; ബംഗ്ലാദേശിനെ നാണംകെടുത്തി ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

കൊൽക്കത്ത: ആദ്യമായി പിങ്ക് പന്തിൽ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ചരിത്രവിജയം. രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റൺസിനുമാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ ഡേ- നൈറ്റ് ടെസ്റ്റിനൊപ്പം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ കൈപ്പിടിയിൽ ഒതുക്കി. ബംഗ്ലാദേശിനെതിരായി കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന രണ്ടാം ടെസ്റ്റാണ് ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റായത്. വിജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യ ബഹുദൂരം മുന്നിലെത്തി. നിലവിൽ 360 പോയിന്റുമായി മറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ 116 പോയിന്റുമായി രണ്ടാമതുണ്ട്.

ബംഗ്ലാ കടുവകളെ എലികളാക്കി ഇന്ത്യ നേടിയ ജയത്തിന് പിന്നിൽ ഇഷാന്ത്-ഉമേഷ്-ഷമി മൂവർ സഖ്യത്തിന്റ പേസാക്രമണം ആയിരുന്നു. മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മികച്ച പ്രകടനത്തിലൂടെ മാൻ ഓഫ് ദ് മാച്ചും മാൻ ഓഫ് ദ് സീരീസും ഇഷാന്ത് ശർമ്മ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റും പിഴുതു. തലനാരിഴയ്ക്കാണ് ടെസ്റ്റിലെ രണ്ടാമത്തെ 10 വിക്കറ്റ് നേട്ടം ഇഷാന്തിന് നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശിനെ ചുരുട്ടിക്കൂട്ടിയത്. മൂന്ന് വിക്കറ്റും വീഴ്ത്തിയത് ഉമേഷായിരുന്നു. 14.1 ഓവറിൽ 53 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 241 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ഇൻഡോറിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 130 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായ ഏഴാം വിജയമാണ് ഇന്ത്യയുടേത്. ഇത് റെക്കോർഡാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ നാല് തുടർ ഇന്നിങ്‌സ് വിജയങ്ങൾ നേടുന്ന ആദ്യ ടീമുമായി ഇന്ത്യ മാറി.

അർധസെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹിമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറർ. റഹിം 96 പന്തിൽ 13 ഫോറുകൾ സഹിതം 74 റൺസെടുത്തു. മത്സരത്തിൽ ബംഗ്ലാദേശിനു നഷ്ടമായ 19 വിക്കറ്റുകളും ഇന്ത്യൻ പേസർമാരായ ഇഷാന്ത് ശർമ്മ- ഉമേഷ് യാദവ് ഗമുഹമ്മദ് ഷമി എന്നിവർ പങ്കിട്ടു.

സ്‌കോർ: ബംഗ്ലദേശ്- 106, 195 (41.1 ഓവർ), ഇന്ത്യ- 347/9 ഡിക്ലയേർഡ്.

Exit mobile version