ടെസ്റ്റിൽ സെഞ്ച്വറി 27, പിങ്ക് പന്തിൽ ആദ്യത്തേത്; കോഹ്ലിക്ക് വീണ്ടും സെഞ്ച്വറി തിളക്കം; ഇന്ത്യ നിലയുറപ്പിക്കുന്നു

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറിയടിച്ച് വിരാട് കോഹ്‌ലി. 159 പന്തിൽ നിന്നാണ് ഇന്ത്യൻ നായകൻ സെഞ്ച്വറി പൂർത്തിയാക്കിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ ഈ സെഞ്ച്വറി കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ച്വറിയാണ്.

കൊൽക്കത്തയിൽ ഈഡൻ ഗാർഡനിൽ പുരോഗമിക്കുന്ന മത്സരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 293 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇന്ത്യയ്ക്കിപ്പോൾ 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. അർധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51)യും 12 റൺസെടുത്ത രവീന്ദ്ര ജഡേജയുടേയം വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റിൽ കോഹ്‌ലിക്കൊപ്പം 99 റൺസ് ചേർത്ത ശേഷമാണ് രഹാനെ മടങ്ങിയത്. സെഞ്ചുറി പിന്നിട്ട ക്യാപ്റ്റൻ വിരാട്‌കോഹ്‌ലിയും (130*), വൃദ്ധിമാൻ സാഹയുമാണ് (7*)ക്രീസിൽ.

നേരത്തെ ഓപ്പണർമാരായ മായങ്ക് അഗർവാളും (14) രോഹിത് ശർമയും (21) പുറത്തായ ശേഷം ഒത്തു ചേർന്ന വിരാട് കോഹ്‌ലി – ചേതേശ്വർ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഈ സഖ്യം 94 റൺസ് ചേർത്തു. പൂജാര അർധ സെഞ്ചുറി (55) നേടി പുറത്തായി. വ്യക്തിഗത സ്‌കോർ 32-ൽ എത്തിയപ്പോൾ വിരാട് കോഹ്‌ലി ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും കോഹ്‌ലിയാണ്. ആദ്യ ദിനത്തിൽ ബംഗ്ലാദേശിനെ 106 റൺസിന് ഇന്ത്യ ചുരുട്ടിക്കൂട്ടിയിരുന്നു.

Exit mobile version