ടീം ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

കൈവിട്ടെന്ന് തോന്നിച്ച മത്സരത്തില്‍ കോഹ്‌ലി രോഹിത് ശര്‍മ സഖ്യം വിജയപ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും നല്‍കിയ ശേഷമാണ് ഇന്ത്യ ബാറ്റുതാഴ്ത്തിയത്.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത് ശര്‍മ സെഞ്ചുറിയും കോഹ്‌ലി അര്‍ധസെഞ്ചുറിയും നേടി.

സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അക്കൗണ്ട് തുറക്കാതെയാണ് രാഹുല്‍ മടങ്ങിയത്. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ കോഹ്ലിയും രോഹിത്ത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 146 റണ്‍സായപ്പോള്‍ കോഹ്ലി (66) മടങ്ങുകയായിരുന്നു.

ഋഷഭ് പന്തിനൊപ്പം (32) രോഹിത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ (102) താരവും വീണു. അവസാന നിമിഷം ഹര്‍ദിക് പാണ്ഡ്യയും (44), ധോണിയും (42) ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ജയത്തിലെത്താന്‍ കഴിഞ്ഞില്ല. അവസാന നിമിഷം ധോണിയും കേദാര്‍ ജാദവുമായിരുന്നു (12) ക്രീസില്‍. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ബാറ്റെടുത്ത മറ്റു താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടി.

ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റോയ് (66) അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ബെയര്‍സ്റ്റോ (111) റണ്‍സുമായാണ് മടങ്ങിയത്. 109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്റ്റോ 111 റണ്‍സെടുത്തത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്.

ഇരുവര്‍ക്കും പിന്നാലെ ബെന്‍സ്റ്റോക്സും (79) ജോ റൂട്ടും (44), ജോസ് ബട്ലറും (20), മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ (1), ക്രിസ് വോക്സും (7) എന്നിവര്‍ വേഗത്തില്‍ പുറത്തായി. ഇന്ത്യക്കായി 5 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 10 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. താരത്തിനു പുറമെ കുല്‍ദീപ് യാദവും ബൂമ്രയും ഒരോ വിക്കറ്റ് വീഴ്ത്തി.

Exit mobile version