ജസ്പ്രീത് ബൂംറ, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍: ക്രിക്കറ്റ് ദൈവത്തിന്റെ പ്രശംസയില്‍ അമ്പരന്ന് വാക്കുകളില്ലാതെ താരം

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മുംബൈ കിരീടം ചൂടിയെങ്കിലും ഐപിഎല്‍ ആവേശം കെട്ടടങ്ങിയിട്ടില്ല. അവസാന നിമിഷം കിരീടം കരസ്ഥമാക്കിയ മുംബൈയെ പ്രശംസിച്ച് ഇന്ത്യ മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ എത്തിയിരിക്കുകയാണ്. മുംബൈയെ നാലാം കിരീടത്തിലെത്തിച്ച കളിയിലെ ജസ്പ്രീത് ബൂംറയ്ക്കും ആരാധകര്‍ ഏറെയാണ്. ഐപിഎല്ലിലെ ഡെത്ത് ഓവറുകളില്‍ സ്ഥിരതയോടെ പന്ത് എറിയുന്ന ബൂംറയുടെ പേസ് ബൗളിങ്ങ് അത്രയ്ക്ക് മികച്ചതായിരുന്നു.

അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി ബൂംറയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഐപിഎല്‍ ഫൈനലിനു പിന്നാലെ യുവരാജ് സിങ്ങുമായി സംസാരിക്കവെയാണ് ലോകത്തെ മികച്ച ബൗളറാണ് ബൂംറയെന്ന് സച്ചിന്‍ പറഞ്ഞത്. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂംറയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ യുവിയോട് പറഞ്ഞിരുന്നു.

എന്നാല്‍ സച്ചിന്റെ അഭിനന്ദനത്തെക്കുറിച്ച് സംസാരിക്കാന്‍ വാക്കുകളില്ലെന്നാണ് ബൂംറ ട്വിറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ വന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ബൂംറ പ്രതികരിക്കാന്‍ വാക്കുകളില്ലെന്നും സച്ചിന് നന്ദിയര്‍പ്പിക്കുന്നതായും പറഞ്ഞത്.

അതേസമയം ബുംറയെ പ്രശംസിച്ച് യുവരാജ് സിംഗും രംഗത്തെത്തി. ബൂംറയെപോലെ ഇത്രയും കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ല എന്നാണ് യുവരാജ് അഭിപ്രായപ്പെടുന്നത്.

ഐപിഎല്ലിലെ പന്ത്രണ്ടാം സീസണ്‍ മത്സരത്തില്‍ മുംബൈയ്ക്കായി കളിച്ച മുഴുവന്‍ മത്സരങ്ങളില്‍ നിന്നുമായി ബൂംറ 19 വിക്കറ്റ് നേടി. ഫൈനലില്‍ നാലോവറില്‍ 14 റണ്‍സില്‍ രണ്ട് വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ഈ കളിയിലെ മാന്‍ ഓഫ് ദി മാച്ചും ബൂംറ തന്നെയായിരുന്നു

Exit mobile version