ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമനായി ജസ്പ്രീത് ബൂംറ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി.

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. കൂടാതെ, ഐസിസിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 തുടങ്ങി മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടവും ബൂംറ സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളും നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരവുമായി മാറിയിരുന്നു.

also read- കേരളത്തിന്റെ ഡല്‍ഹി സമരം അതിജീവനത്തിന്; എന്‍ഡിഎ സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റിടത്ത് പീഡനം എന്നാണ് കേന്ദ്ര നയം; അര്‍ഹമായത് നേടിയെടുക്കും: മുഖ്യമന്ത്രി

881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജഡേജയും പട്ടികയിലുണ്ട്.

Exit mobile version