ഐപിഎല്‍ ഫൈനല്‍: നാലാം കിരീടത്തിന് ധോണിപ്പടയ്ക്ക് 150 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ നാലാം കിരീടം നേടാന്‍ ധോണിപ്പടയ്ക്ക് 150
റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമാണ് മുംബൈ നേടിയത്.

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രോഹിത് ഉള്‍പ്പെടെയുള്ള മുംബൈ താരങ്ങള്‍ക്കൊന്നും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ചെന്നൈയ്ക്കു വേണ്ടി ദീപക് ചഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 25 പന്തുകളില്‍നിന്ന് പൊള്ളാര്‍ഡ് 41 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ക്വിന്റന്‍ ഡി കോക്ക് (17 പന്തില്‍ 29), രോഹിത് ശര്‍മ (14 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 15), ഇഷാന്‍ കിഷന്‍ (26 പന്തില്‍ 23), ക്രുനാല്‍ പാണ്ഡ്യ (ഏഴ് പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 16), രാഹുല്‍ ചഹര്‍ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു മുംബൈ താരങ്ങളുടെ സ്‌കോറുകള്‍. മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ക്വിന്റന്‍ ഡി കോക്കും മുംബൈയ്ക്കു നല്‍കിയത്. 4.5 ഓവറില്‍ 45 എന്ന നിലയിലാണ് മുംബൈയുടെ ആദ്യ വിക്കറ്റു വീഴുന്നത്.

ഡികോക്കിനെ ഷാര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ ധോണി ക്യാച്ചെടുത്തു പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയും ധോണിയുടെ ക്യാച്ചില്‍ മടങ്ങി. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ഇമ്രാന്‍ താഹിറിന്റെ പന്തില്‍ സൂര്യകുമാര്‍ ബൗള്‍ഡായി. ഇഷാന്‍ കിഷനെയും താഹിര്‍ പുറത്താക്കി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഏഴ് റണ്‍സ് മാത്രമെടുത്ത് ക്രുനാല്‍ പാണ്ഡ്യ മടങ്ങി. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും മുംബൈ സ്‌കോര്‍ ഉയര്‍ത്തുമെന്നു തോന്നിച്ചു.

ഹാര്‍ദിക്കിനെ താളം കണ്ടെത്തും മുന്‍പേ പുറത്താക്കിയത് നിര്‍ണായകമായി. 16 റണ്‍സെടുത്ത പാണ്ഡ്യ ചഹറിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണു പുറത്തായത്. രാഹുല്‍ ചഹറും മക്ലനാഗനും റണ്‍സൊന്നും നേടാതെ പുറത്തായി. ചെന്നൈയ്ക്കായി ഷാര്‍ദൂല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

Exit mobile version